Wednesday, May 29, 2024

അവരുമായി കൂടി* *പെരുമാറാതിരിക്കുക*മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം 99/313

 https://www.facebook.com/100024345712315/posts/pfbid02YdF2LssrooS5PWj5Sm8qhMiiCXNzjqzR6vWMiXQx5kJgsYuRckMoupGxrXbGiHe7l/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 99/313

➖➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*അവരുമായി കൂടി* 

*പെരുമാറാതിരിക്കുക*


വിശ്വാസികളിൽ സംശയങ്ങളുണ്ടാക്കി വഴിതെറ്റിക്കുന്ന വിഭാഗം എക്കാലത്തും ഉണ്ടാകുമെന്ന് ഖുർആൻ ഓർമ്മപ്പെടുത്തുന്നുണ്ട്. വിശ്വാസകർമ്മ കാര്യങ്ങളിൽ വിശ്വാസികളെ സംശയത്തിന്റെ നിഴലിൽ നിർത്തുക എന്നത് പിഴച്ച ചിന്താഗതിക്കാരുടെ സ്വഭാവമാണ്.

ഇമാമുകളെ തള്ളിപ്പറയുക, മഹാന്മാരെ നിന്ദിക്കുക, നിസ്കാരം ഖുത്ബ പോലുള്ള അമലുകൾ ബാത്വിലാക്കുക തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ മൗലവിമാർ ബിദ്അത്ത് പ്രചരിപ്പിച്ചപ്പോൾ ഇത്തരക്കാരോട് സുന്നികൾ എന്തു നിലപാട് സ്വീകരിക്കണമെന്ന് അന്നത്തെ ഉലമാക്കളോട്  വിശദീകരണം തേടപ്പെട്ടു. പണ്ഡിതന്മാർ അവരുടെ പുസ്തകങ്ങൾ സംഘടിപ്പിച്ച് വായിക്കുകയും ചർച്ച ചെയ്യുകയും കൂടുതൽ മനസ്സിലാക്കുകയും ചെയ്തപ്പോൾ അവർ പുത്തൻ വാദികൾ തന്നെയാണെന്ന് ബോധ്യപ്പെട്ടു. 


ഇതോടെ, ബിദ്അത്തുകാരുമായി വിശ്വാസികൾ കൂടി പെരുമാറാതിരിക്കുക എന്ന പൂർവ്വ കാല ഇമാമുമാർ പഠിപ്പിച്ചു തന്ന നിയമം സുന്നി പണ്ഡിതന്മാർ കർശനമാക്കി.


സമസ്തയുടെ  പ്രഗത്ഭരായ എട്ടു പണ്ഡിതന്മാർ ചർച്ചചെയ്യുകയും തീരുമാനമെടുക്കുകയും ചെയ്ത കാര്യങ്ങൾ

 'പെരിന്തൽമണ്ണ സമ്മേളനത്തിൽ വെച്ച് ആലിമീങ്ങളുടെ സമുചിതമായ തീരുമാനം' എന്ന പേരിൽ അച്ചടിച്ചു വിതരണം ചെയ്തിരുന്നു. 

അത് പൂർണ്ണമായി താഴെ ചേർക്കുന്നു.


" 1953 ഏപ്രിൽ 27ാം തിയ്യതി പെരിന്തൽമണ്ണയിൽ വെച്ച് കൂടിയ ഉലമാ സമ്മേളനത്തിലെ തീരുമാനം :-


20 - 3 - 1953ാം തീയതി കാര്യവട്ടത്ത് വെച്ച് സ്ഥലത്തെയും പരിസരപ്രദേശങ്ങളിലെയും പൗരപ്രധാനികളുടെ ഒരു യോഗത്തിൽ വെച്ച് സുന്നി മുസ്‌ലിംകൾ പുത്തൻ പ്രസ്ഥാനക്കാരുമായി ദീനിയായ വിഷയത്തിൽ വർത്തിക്കേണ്ട നിലയെപ്പറ്റി ആലോചനക്ക് വന്നപ്പോൾ അതിന്ന് കേരളത്തിലെ സുപ്രസിദ്ധ ആലിമീങ്ങളുടെ അഭിപ്രായം അറിയേണ്ടത് അത്യാവശ്യമാണെന്ന് യോഗത്തിലെ ഭൂരിപക്ഷം അംഗങ്ങളും അഭിപ്രായപ്പെട്ടത് പ്രകാരം മേപ്പടി സംഗതിയെ കുറിച്ച് തീരുമാനിക്കാൻ കേരളത്തിലെ പ്രമുഖ ഒമ്പത് ആലിമീങ്ങളുടെ ഒരു പട്ടിക തയ്യാറാക്കുകയും പെരിന്തൽമണ്ണയിൽ വെച്ച് മേപ്പടി ആലിമീങ്ങളുടെ ഒരു സമ്മേളനം വിളിച്ചു കൂട്ടുവാൻ തീരുമാനിക്കുകയും ചെയ്തു.

 

27 - 4 - 1953ാം തീയതി ഒമ്പത് ആലിമീങ്ങളിൽ സമ്മേളന ദിവസത്തിന് രണ്ടു ദിവസം മുമ്പ് മാത്രം മൗത്തായി പോയ ബഹുമാനപ്പെട്ട പാറക്കടവത്ത് ഖാളി പുതിയവീട്ടിൽ അബ്ദുല്ല മുസ്‌ലിയാർ തങ്ങൾ ഒഴികെ ബാക്കിയുള്ള എട്ട് ആലിമീങ്ങളും സമ്മേളനത്തിനു ഏർപ്പെടുത്തിയിരുന്ന സ്ഥലത്ത് സന്നിഹിതരാവുകയും മേപ്പടി ദിവസം രാവിലെ എട്ടുമണിക്ക് സമ്മേളനം ആരംഭിക്കുകയും ചെയ്തു. പത്രപ്രസ്താവന വഴിക്കും മറ്റും വിവരം അറിയിച്ച് ഒട്ടേറെ ആലിമീങ്ങളും സമ്മേളനത്തിൽ പങ്കെടുത്തിരുന്നു.


സമ്മേളനത്തിൽ വെച്ച് യോഗ ഭാരവാഹികളും സ്ഥലത്തെയും അടുത്ത മഹല്ലുകളിലെയും ഖാളി കാരണവന്മാരും ബഹുമാനപ്പെട്ട ആലിമീങ്ങളോട് വഹാബി, മൗദൂദി എന്നിവരോട് ദീനിയായ വിഷയത്തിൽ ഏത് നിലയിലാണ് കൈക്കൊള്ളേണ്ടതെന്ന് ചോദിച്ചപ്പോൾ ഇരുകക്ഷികളും പുറപ്പെടുവിച്ച പ്രസിദ്ധീകരണങ്ങളും മറ്റും രാവിലെ എട്ടുമണി മുതൽ വൈകുന്നേരം 6 മണി വരെ കൂലങ്കഷമായി പരിശോധിക്കുകയും താഴെപ്പറയുന്ന തീരുമാനം ജവാബ് ആയി വരികയും ചെയ്തു. ബഹുമാനപ്പെട്ട ഉലമാ ശിരോമണികളുടെ ജവാബ് : സുആലി (ചോദ്യത്തി)ല്‍ വിവരിച്ച ഇരുകക്ഷികളും ദീനിന്റെ അഇമ്മത്തിനെ(ഇമാമുകളെ) തെറ്റാക്കിയവരും ദീനിന്റെ അഇമ്മത്തിന്റെ കിതാബുകളിൽ സ്ഥിരപ്പെടുത്തിയ ഹുക്മുകളെ റദ്ദാക്കിയവരും അതിനെതിരായി പല വാദങ്ങളും വാദിച്ച് ജനങ്ങളെ വഴി പിഴപ്പിക്കുന്നവരും ആയതിനാൽ അവർ സംശയം തീർന്ന മുബ്തദീങ്ങളും മുഫ്സിദീങ്ങളും ആയതുകൊണ്ട് അവരുമായി മുബ്തദീങ്ങളുമായി പെരുമാറേണ്ട നിലയിൽ പെരുമാറൽ നിർബന്ധമാണെന്നതിൽ സംശയമില്ല. 


മുബ്തദിഈങ്ങളുമായി പെരുമാറേണ്ട ചുരുക്കം സംഗതികൾ :

(1)അവരുമായി കൂടി പെരുമാറാതിരിക്കുക.

(2) അവരുമായി കണ്ടുമുട്ടിയാൽ അവർക്ക് സലാം ചൊല്ലാതിരിക്കുക.

(3) അവർ സലാം ചൊല്ലിയാൽ മടക്കാതിരിക്കുക.

(4) അവരുമായി വിവാഹബന്ധം നടത്താതിരിക്കുക.

(5) അവരെ പിന്തുടർന്ന് നിസ്കരിക്കാതിരിക്കുക. ഇത്യാദികൾ ആകുന്നു.

എന്ന്,

1- അഹ്മദ് കോയ മുസ്‌ലിയാർ ചാലിയം(ഒപ്പ്)

2- ഖുതുബി മുഹമ്മദ് മുസ്‌ലിയാർ(ഒപ്പ്)

3- പാനായിക്കുളം അബ്ദുറഹ്മാൻ മുസ്‌ലിയാർ (പുതിയാപ്പിള) (ഒപ്പ് )

4- കെ കെ സ്വദഖതുള്ള മുസ്‌ലിയാർ (ഖാസി, മുദരിസ് വണ്ടൂർ) (ഒപ്പ്)

5- മൊയ്തീൻ ഹാജി മുസ്‌ലിയാർ (ഖാളി, മുദരിസ് കരുവാരക്കുണ്ട്) (ഒപ്പ്)

6- പി. കുഞ്ഞലവി മുസ്‌ലിയാർ (മുദരിസ് താഴെക്കോട്) (ഒപ്പ്)

7- കെ ഹൈദർ മുസ്‌ലിയാർ (മുദരിസ് കുന്നപ്പള്ളി) (ഒപ്പ്)

8- അമാനത്ത് ഹസൻകുട്ടി മുസ്‌ലിയാർ. (ഖാളി പട്ടിക്കാട്) (ഒപ്പ്)


ഇതിന്റെ പ്രസാധകൻ

മണ്ണാർമല ഖാളി കെ കുഞ്ഞമ്മദ് മുസ്‌ലിയാരാണ്. വാളക്കുളം പ്രസ്സിൽ നിന്നും 1953 ജൂൺ രണ്ടിന് ഇത് പ്രസിദ്ധീകരിച്ചു.


1963 ഡിസംബർ 21ന് കാസർകോട് ചേർന്ന സമസ്ത മുശാവറ തീരുമാനം ഇതിനോട് ചേർത്ത് വായിക്കുക. അന്നത്തെ ഉലമാക്കൾ ബിദ്അത്തുകാരോട് എത്രത്തോളം കണിശമായി പെരുമാറിയെന്ന് ഇതിൽനിന്നും മനസ്സിലാക്കാം


"താഴെ കൊടുക്കുന്ന പ്രമേയം അംഗീകരിക്കുകയും സമ്മേളനത്തിൽ പരസ്യപ്പെടുത്താൻ തീരുമാനിക്കുകയും ചെയ്തു. 

കേരളത്തിൽ സ്ഥാപിക്കപ്പെട്ടിട്ടുള്ള പള്ളികൾ, മദ്രസകൾ മുതലായ മതസ്ഥാപനങ്ങൾ സുന്നികളാൽ സ്ഥാപിക്കപ്പെട്ടതായിരിക്കയാൽ അത്തരം സ്ഥാപനങ്ങളുടെ കൈകാര്യങ്ങൾ നടത്തുവാനോ  ഖാസി സ്ഥാനം, ഖതീബ് സ്ഥാനം, ഇമാമത്ത് മുദരിസ് എന്നീ സ്ഥാനങ്ങളും പദവികളും വഹിക്കാനോ സുന്നത്ത് ജമാഅത്തിൽ യഥാർത്ഥത്തിൽ വിശ്വസിക്കുന്നവർക്കല്ലാതെ കൈ നെഞ്ചത്ത് വെക്കൽ, ഖുതുബ പരിഭാഷ ചെയ്യൽ, തറാവീഹ് എട്ട് റക്അത്താക്കൽ, നമസ്കാരാനന്തരം ദുആ കഴിയാതെ അനാവശ്യമായി സ്ഥലം വിടൽ മുതലായ അനാചാര പ്രവർത്തനങ്ങൾ ചെയ്യുന്ന വഹാബി മൗദൂദ്യാദി കക്ഷികൾക്ക് മത ദൃഷ്ട്യാ അവകാശവും അധികാരവും ഇല്ലെന്നും അങ്ങനെയുള്ളവരെ അധികാരത്തിൽ വെക്കാൻ പാടില്ലെന്നും ഈ യോഗം തീരുമാനിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുന്നു. "

(സമസ്ത അറുപതാം വാർഷിക സമ്മേളന സ്മരണിക. പേജ് 60 )


ബിദ്അത്ത് ഒരുതരം രോഗമാണ്. അതിൽ നിന്ന് അകന്നുനിൽക്കുക എന്നതാണ് രോഗം പടരാതിരിക്കാനുള്ള ഏകമാർഗ്ഗം.

No comments:

Post a Comment

ലൈലതുൽ മൗലിദ്; പരിഗണിക്കേണ്ട രാവ്.

 ✍️ അഷ്റഫ് സഖാഫി പള്ളിപ്പുറം ലൈലതുൽ മൗലിദ്; പരിഗണിക്കേണ്ട രാവ്. തിരുനബി(സ്വ) തങ്ങളുടെ പിറവി കൊണ്ട് അനുഗ്രഹീതമായ രാവാണ് വരുന്നത്. അന്നേ ദിവസം...