Wednesday, May 29, 2024

ആദർശത്തിൽ തോൽപ്പിച്ചതിന്* *കള്ളക്കേസിലൊതുക്കാൻ ശ്രമം*മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം 100/313

 https://www.facebook.com/100024345712315/posts/pfbid0ZnQkr9n2DynpHo1NGJWSPMhf1tppoeHWzWsjyJyuEYfJSv5ijnASpwLkNq4XW2HGl/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 100/313

➖➖➖➖➖➖➖➖➖➖➖

✍️ Aslamsaquafi payyoli


*ആദർശത്തിൽ തോൽപ്പിച്ചതിന്* 

*കള്ളക്കേസിലൊതുക്കാൻ ശ്രമം*


ഐക്യ സംഘം രൂപീകരിച്ച് ജനശ്രദ്ധ പിടിച്ചുപറ്റി പണ്ഡിതസഭ രൂപീകരിച്ച് പിഴച്ചആശയങ്ങൾ പ്രചരിപ്പിക്കാൻ ശ്രമം തുടങ്ങുകയും ചെയ്തപ്പോൾ തന്നെ സുന്നി പണ്ഡിതന്മാർക്ക് കാര്യങ്ങൾ ബോധ്യപ്പെട്ടിട്ടുണ്ട്. ഐക്യ സംഘത്തിൻെറ ആശയങ്ങളിലെ പിഴവ്  ഉലമാഇന്ന്  ബോധ്യപ്പെടുത്തിയതിൽ മുൻപന്തിയിൽ നിന്നത് മഹാനായ അഹ്മദ് കോയ ശാലിയത്തി(റ) അവറുകളായിരുന്നു. 1925ലാണിത്.


ഐക്യ സംഘത്തിന്റെ പോക്ക് ശരിയല്ലെന്ന് ബോധ്യപ്പെട്ട സയ്യിദ് അബ്ദുറഹ്മാൻ ബാ അലവി(റ) എന്ന വരക്കൽ മുല്ലക്കോയ തങ്ങൾ  പാങ്ങിൽ എ പി അഹ്മദ് കുട്ടി മുസലിയാരടക്കമുളള പ്രശസ്തരായ ആലിമീങ്ങളെ പുതിയങ്ങാടിയിലേക്ക്  വിളിച്ചുവരുത്തി കൂടിയാലോചിച്ചു. സുന്നി പണ്ഡിതസഭയ്ക്ക് രൂപം നൽകാനും സുന്നി ആദർശം ശക്തിപ്പെടുത്താനും തീരുമാനിച്ചു. ഇതിൻെറ ഫലമായി വരക്കൽ മുല്ലക്കോയ തങ്ങൾ പ്രസിഡണ്ടും പി.വി മുഹമ്മദ് മുസ്‌ലിയാർ സെക്രട്ടറിയുമായി 1926ൽ സമസ്ത പണ്ഡിത സഭ  നിലവിൽ വന്നു. പാങ്ങിൽ ഉസ്താദ് അന്ന് വൈസ് പ്രസിഡണ്ടായിരുന്നു.


പിഴച്ച കക്ഷികൾക്ക് ഏതു രൂപത്തിലും മറുപടി നൽകാൻ കഴിവുള്ള പ്രഗത്ഭനായിരുന്നു അന്നത്തെ എ പി ഉസ്താദ്.  എഴുത്തിന് എഴുത്ത്, ഖണ്ഡനത്തിന് ഖണ്ഡനം. രണ്ടും പാങ്ങിലോർക്ക് വഴങ്ങുമായിരുന്നു. 

മാല, മൗലിദ്, റാത്തീബ് തുടങ്ങിയ കാര്യങ്ങളെ പരിഹസിച്ച് വഹാബികൾ 'മുസ്‌ല്യാന്മാരുടെ പള്ളക്കടി' എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച ഒരു ലഘുലേഖക്ക് 'രണ്ടക്ഷര മൗലവിമാരുടെ മണ്ടക്കടി' എന്ന ശീർഷകത്തിൽ പാങ്ങിൽ ഉസ്താദ് മറുപടി എഴുതിയിരുന്നു. 


അറിവ് കുറഞ്ഞ വരെ  രസിപ്പിച്ചും ഉലമാക്കളെ തരംതാഴ്ത്തിയും പ്രസംഗിക്കുന്ന തെക്കുഭാഗത്ത് നിന്ന് വന്ന യൂസഫ് ഇസ്സുദ്ദീൻ എന്ന വഹാബിയെ നേരിട്ടത് പാങ്ങിൽ ഉസ്താതായിരുന്നു.

മൗലവിയുടെ പ്രസംഗങ്ങൾ നടക്കുന്നിടത്തെല്ലാം പാങ്ങിൽ ഉസ്താദിന്റെ മറുപടിയുണ്ടാവും. സുന്നി ഭാഗത്തുനിന്നുള്ള ആദ്യ ഖണ്ഡന പ്രഭാഷകനായി പാങ്ങിൽ ഉസ്താദിനെ കണക്കാക്കാം.


ഖണ്ഡന പ്രസംഗങ്ങളിലൂടെയോ വാദപ്രതിവാദങ്ങളിലൂടെയോ പാങ്ങിലുസ്താദിനെ അതിജീവിക്കാൻ കഴിയില്ലെന്ന് ബോധ്യപ്പെട്ട വഹാബികൾക്ക് പ്രതികാരബുദ്ധി വർദ്ധിച്ചു. പാങ്ങിൽ ഉസ്താദ് സമസ്തയുടെ പ്രസിഡണ്ട് ആയതോടെ അത് മൂർച്ഛിച്ചു. ചതി പ്രയോഗം നടത്തി പരാജയപ്പെടുത്താനായിരുന്നു മൗലവിമാർ പിന്നീട് ശ്രമിച്ചിരുന്നത്. പക്ഷേ, അതിലും പാങ്ങിൽ ഉസ്താദ് വിജയിച്ചു.

ആ ചരിത്ര സംഭവം ഇങ്ങനെ വായിക്കാം :


"തിരൂരങ്ങാടിയിൽ വെച്ച് കോഴിക്കോട് ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തിൽ പോലീസ് ഉദ്യോഗസ്ഥന്മാർ ഒരിക്കൽ പാങ്ങുകാരനെ പിടികൂടി. തങ്ങളുടെ സമാദരണീയനും നേതാവും പണ്ഡിതനുമായ എപി അഹ്മദ് കുട്ടി മുസ്‌ലിയാരെ പോലീസ് സൈന്യം വളഞ്ഞിരിക്കുന്നു എന്ന് കേട്ടമാത്രയിൽ മുസ്‌ലിം ബഹുജനം അവിടെത്തടിച്ചുകൂടി ; കാര്യം വ്യക്തമാക്കണം എന്നവർ ഡെപ്യൂട്ടി കലക്ടറോട് ആവശ്യപ്പെട്ടു. അവരോട് കലക്ടർ പറഞ്ഞ മറുപടി കേട്ട് ജനം അന്തംവിട്ടു. പാങ്ങിൽ അഹ്മദ് കുട്ടി എന്നയാൾ മലബാർ ലഹളക്ക് ജനങ്ങളെ പ്രേരിപ്പിച്ച ആളാണെന്നും വീണ്ടും അങ്ങനെ ഒരു പ്രവർത്തനത്തിനുള്ള ഗൂഢശ്രമം നടത്തിക്കൊണ്ടിരിക്കുകയാണെന്നും  അതിനുവേണ്ടി ഒരു പണ്ഡിത സംഘടനക്ക് രൂപം കൊടുത്തിട്ടുണ്ടെന്നും ഇദ്ദേഹത്തെ സ്വൈര വിഹാരത്തിന് അനുവദിച്ചാൽ വീണ്ടും ഒരു ഹിന്ദു മുസ്‌ലിം ലഹളക്ക് കാരണമായി തീരുമെന്നും ആയതിനാൽ എത്രയും വേഗം ഇദ്ദേഹത്തെ ജില്ല മാറ്റി അയക്കാൻ കൽപ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് തിരൂരങ്ങാടിക്കാരായ പലരും ഒപ്പിട്ടയച്ച മാസ് പെറ്റീഷൻ നേരിൽ അന്വേഷിക്കാനാണ്  താനും പാർട്ടിയും ഇവിടെ വന്നതെന്നും പെറ്റീഷനിൽ ഒപ്പുവെച്ച ആളുകളെ വിളിച്ചു നേരിൽ അന്വേഷിച്ച് വേണ്ടത് ചെയ്യലാണ് തൻ്റെ ഉദ്ദേശ്യമെന്നുമാണ് ഡെപ്യൂട്ടി കലക്ടർ തടിച്ചുകൂടിയ പൊതുജനങ്ങളോട് പറഞ്ഞത്. തതടിസ്ഥാനത്തിൽ ഹരജിയിൽ ഒപ്പിട്ട പലരെയും വിളിച്ചു ഡെപ്യൂട്ടി കലക്ടർ ചോദിച്ചപ്പോൾ അവരിൽ നിന്നുള്ള മറുപടി കേട്ട് കലക്ടറും അമ്പരന്നു. ബഹുമാനപ്പെട്ട ഖുതുബുസ്സമാൻ സയ്യിദ് അലവി ജിഫ്രി (റ) അന്ത്യവിശ്രമം കൊള്ളുന്ന മമ്പുറത്തേക്ക് ധാരാളം ആളുകൾ സിയാറത്തിന് വന്നുകൊണ്ടിരിക്കുന്നതിനാൽ അവിടെ ഒരു പാലം അടിയന്തരമായി കെട്ടി തരണമെന്ന ഒരു ഹരജിയിലാണ് ഞങ്ങളെല്ലാം ഒപ്പു വെച്ചുകൊടുത്തിട്ടുള്ളത് എന്നും ഞങ്ങളുടെ നേതാവായ അഹ്മദ് കുട്ടി മുസ്‌ലിയാരുടെ പേരിൽ എന്തെങ്കിലും നടപടി എടുക്കുന്നതായാൽ ജീവൻ പോലും ബലിയർപ്പിക്കാൻ ഞങ്ങൾ സന്നദ്ധരാണെന്നായിരുന്നു ജനങ്ങളുടെ പ്രതികരണം. അതോടെ കളക്ടർ ജനങ്ങളോട് മാപ്പ് പറഞ്ഞു. മുസ്‌ലിയാർക്ക് വേണ്ടുന്ന എല്ലാ സഹായവും നൽകാൻ താൻ സന്നദ്ധനാണെന്നും ഏറ്റുപറഞ്ഞു. ജനങ്ങൾ ശാന്തരായി പിരിഞ്ഞു. "

(സമസ്ത അറുപതാം വാർഷിക സമ്മേളന സ്മരണിക പേജ് 86)


സമാനമായ മറ്റൊരു സംഭവം തിരുവനന്തപുരത്ത് നടന്നു. സുന്നി സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ പാങ്ങിൽ ഉസ്താദിനെ പോലീസുകാർ കൈയോടെ പിടികൂടിയ രംഗം. ചരിത്രം ഇങ്ങനെ: 


"സമ്മേളന ദിവസം അടുത്തു. പാങ്ങ്ക്കാരനും മറ്റു മുസ്‌ലിയാന്മാരും ഞാനും( കെ എം മാത്തോട്ടം) തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. ഞങ്ങൾ വാഹനത്തിൽ നിന്നും പുറത്തേക്കിറങ്ങിയപ്പോൾ ഒരു ഉയർന്ന ഉദ്യോഗസ്ഥനും കുറെ പോലീസുകാരും ഞങ്ങളെ വളഞ്ഞു. നിങ്ങൾക്ക് അറസ്റ്റ് വാറണ്ടുണ്ട്, നിങ്ങളെ വിട്ടുതടങ്ങളിൽ പാർപ്പിക്കണമെന്ന് വിധിയുണ്ട് എന്ന് പറയുകയുണ്ടായി. ഞങ്ങൾ നിയമത്തെ ചോദ്യം ചെയ്തില്ല. ഞങ്ങളുടെ വീട്ടുപടിക്കൽ പോലീസുകാർ രാവും പകലും പാറാവു നിന്നു. 

തിരുവനന്തപുരത്തെ അഭ്യസ്തവിദ്യരും ഉദ്യോഗസ്ഥരുമായ ചില രാണ് ഈ പണി പറ്റിച്ചെടുത്തത്. അവർ 16 പേർ ചേർന്ന് ഒപ്പിട്ട് അന്നത്തെ ദിവാന്ന് ഒരു ഹരജി സമർപ്പിച്ചു. അതിൽ പറഞ്ഞ പ്രധാന ആക്ഷേപം ഇവർ രാജാവിനെയും ഭരണകർത്താക്കളെയും എതിർക്കുന്നവരും, മാപ്പിള ലഹളക്ക് നേതൃത്വം കൊടുത്തവരും ഹിന്ദു മുസ്‌ലിം സ്പർദ്ദ ഉണ്ടാക്കുന്നവരും വിദ്യാഭ്യാസത്തെ എതിർക്കുന്നവരും മറ്റുമാണെന്നും ഇവർ ഇവിടെ പ്രസംഗിച്ചാൽ നാട്ടിൽ ഹിന്ദു മുസ്‌ലിം ലഹള പൊട്ടിപ്പുറപ്പെടുമെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ കയ്യേറ്റം നടത്തുമെന്നും ഇവരെ അറസ്റ്റ് ചെയ്യാതെ വിട്ടാൽ നിയമം ലംഘിച്ച് സമ്മേളനം നടത്തുമെന്നും  മറ്റുമായിരുന്നു. "

(സമസ്ത അറുപതാം വാർഷിക സമ്മേളന സ്മരണിക പേജ് : 87)


മൗലവിമാരുടെ ഈ ചതിയേയും സുന്നി പണ്ഡിതർ നേരിട്ടു പരാജയപ്പെടുത്തി.

തിരുവനന്തപുരം സമ്മേളനം ഭംഗിയായി നടന്നു. മാത്രമല്ല അന്ന് ഹരജിക്കൊടുത്ത 16 പേർക്ക് സമ്മേളനം കഴിയുന്നതുവരെ തമ്മിൽ തമ്മിൽ കൂടിച്ചേരുന്നതും സമ്മേളന സ്ഥലത്തേക്ക് പ്രവേശിക്കുന്നതും തടയപ്പെടുകയും ചെയ്തു.

No comments:

Post a Comment

ലൈലതുൽ മൗലിദ്; പരിഗണിക്കേണ്ട രാവ്.

 ✍️ അഷ്റഫ് സഖാഫി പള്ളിപ്പുറം ലൈലതുൽ മൗലിദ്; പരിഗണിക്കേണ്ട രാവ്. തിരുനബി(സ്വ) തങ്ങളുടെ പിറവി കൊണ്ട് അനുഗ്രഹീതമായ രാവാണ് വരുന്നത്. അന്നേ ദിവസം...