Saturday, June 15, 2024

മദ്റസ; സുന്നികൾ* *ചാണിന് ചാണായി* *പിന്തുടരുകയോ?മുജാഹിദ് പ്രസ്ഥാനം

 https://www.facebook.com/share/uin9wycNu2xCbK56/?mibextid=oFDknk

1️⃣2️⃣2️⃣

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം

✍️ Aslamsaquafi suraiji Payyoli

➖➖➖➖➖➖➖➖➖➖➖➖

*മദ്റസ; സുന്നികൾ* 

*ചാണിന് ചാണായി* 

*പിന്തുടരുകയോ?*

➖➖➖➖➖➖➖➖➖➖➖➖

നാട്ടിലുണ്ടാകുന്ന എല്ലാ നന്മകളുടെയും പിതൃത്വം അവകാശപ്പെടാൻ എന്തു നുണയും പടച്ചുവിടുന്നവരാണ് മുജാഹിദ് മൗലവിമാർ. സ്വന്തം ചെലവിൽ നേരാംവണ്ണം ഒരു സ്ഥാപനം പോലും നടത്താൻ സാധിക്കാത്തവരാണ് വലിയ അവകാശവാദങ്ങളുമായി അണികളെ വഞ്ചിക്കുന്നത്. മലയാള അക്ഷര ലിപി വ്യാപിക്കുന്നതിന് മുമ്പേ അറബി മലയാള ലിപി രൂപപ്പെടുത്തിയെടുക്കുകയും അതിലൂടെ മലയാളികളിൽ വിജ്ഞാന ദാഹം തീർക്കുകയും ചെയ്തവരായിരുന്നു സുന്നി ഉലമാക്കൾ. ഓത്തു പള്ളികൾക്കും മദ്റസ സംവിധാനങ്ങൾക്കും നേതൃത്വം നൽകിയതും സുന്നി പണ്ഡിതർ തന്നെയായിരുന്നു. ഇത് എല്ലാവർക്കും അറിയുന്ന ഒരു വസ്തുതയാണ്. എന്നാൽ ഇതിൻ്റെ പിതൃത്വവും മൗലവിമാർ അവകാശപ്പെട്ടു കൊണ്ടിരിക്കുകയാണ്. മദ്റസയുടെ വിഷയത്തിൽ സുന്നികൾ മുജാഹിദ് മൗലവിമാരെ ചാണിന് ചാണായി പിന്തുടർന്നുവെന്ന കരിനുണ കെ എൻ എം പുറത്തിറക്കിയ ഔദ്യോഗിക പ്രസിദ്ധീകരണത്തിൽ അച്ചടിച്ച് വന്നത് നോക്കൂ:


" ഭാവി തലമുറയെ ദീനി ചുറ്റുപാടിലൂടെ നയിക്കാനുള്ള ഈ ബൃഹത് പദ്ധതിയെ കുഫ്ർ ഫത്‌വകൾ നൽകി അപഹസിച്ചവർ ഇസ്‌ലാഹി പ്രസ്ഥാനത്തെ ചാണിന് ചാണായി പിൻതുടരുന്നു എന്നതിനുള്ള തെളിവാണ് ഈ സമസ്തക്കാർ നടത്തുന്ന അവരുടെ ആയിരക്കണക്കിന് മദ്റസകൾ. പൗരോഹിത്യത്തിന്റെ ജല്പനങ്ങൾ മറികടന്ന് സ്ഥാപിതമായ കേരളത്തിലെ മദ്റസ സമ്പ്രദായത്തിന്റെ മാതൃത്വം ഇസ്‌ലാഹികൾക്ക് മാത്രമാണെന്ന യാഥാർത്ഥ്യം മുസ്‌ലിം കേരളത്തിന് വിസ്മരിക്കാനാവില്ല. "

(മുജാഹിദ് പ്രസ്ഥാനം 

കേരളത്തിൽ പേജ് :134)


മേലുദ്ധരണിയിൽ മൗലവിമാർ പറഞ്ഞുവെച്ച കളവുകളും വിശദീകരണങ്ങളും താഴെ ചേർക്കുന്നു:-


1- മദ്റസ സംവിധാനത്തിനെതിരെ സുന്നികൾ കുഫ്ർ ഫത്‌വ ഇറക്കി. (ഇത് ശുദ്ധ നുണയാകുന്നു. വസ്തുതാപരമെങ്കിൽ തെളിവുകൾ ഉദ്ധരിക്കേണ്ടത് മൗലവിമാരുടെ ചുമതലയാണ്.)

മൗലാനാ ചാലിലകത്ത് മദ്റസ സംവിധാനവുമായി വന്നപ്പോൾ ചിലയാളുകൾ എതിർത്തു എന്നത് ശരിയാണ്. ആ എതിർപ്പിനെ നേരിടാൻ തന്റെ ശിഷ്യരിൽ നിന്ന് മുൻപന്തിയിൽ ഉണ്ടായിരുന്നത് ചെറുശ്ശേരി അഹ്മദ് മുസ്‌ലിയാരും ഖുതുബി മുഹമ്മദ് മുസ്‌ലിയാരുമായിരുന്നു എന്ന യാഥാർത്ഥ്യം നാം മറന്നുപോകരുത്. (മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം - 69 നോക്കുക) ചാലിലകത്തിനൊപ്പം മദ്റസാ എല്ലാ ഘട്ടത്തിലും ഉറച്ച് നിന്ന ശഷ്യരായ ചെറുശ്ശേരി അഹ്മദ് മുസ്‌ല്യാരുടെയും ശംസുൽ ഉലമാ ഖുതുബി മുഹമ്മദ് മുസ്‌ലിയാരുടെയും നേതൃത്വത്തിലുള്ള സമസ്ത പണ്ഡിതന്മാർ മൗലാനാ ചാലിലകത്തിൻ്റെ മദ്റസക്കെതിരെ തിരിഞ്ഞു എന്നത് തീർത്തും വസ്തുതാ വിരുദ്ധം തന്നെയാണ്.


2- "സുന്നികൾ മുജാഹിദുകളെ ചാണിനു ചാണായി  പിൻതുടർന്നതിന്റെ തെളിവാണ് സമസ്തക്കാരുടെ മദ്റസകൾ. " ഇതും ശുദ്ധ കളവാണെന്നതിന് മുജാഹിദ് പ്രസിദ്ധീകരണങ്ങൾ സാക്ഷിയാണ്. സുന്നികളെ മൗലവിമാർ പിൻതുടർന്നു എന്നതാണ് വസ്തുത. 


വിശദീകരണം : സുന്നികൾ മുജാഹിദുകളെ പിൻതുടരണമെങ്കിൽ ആദ്യം മുജാഹിദുകൾക്ക് മദ്റസയും സിലബസും വേണമല്ലോ. എങ്കിൽ ആദ്യം സിലബസ് രൂപീകരിച്ചത് ആര്? എപ്പോൾ ? ഇത് ചരിത്രപരമായി അന്വേഷിക്കുമ്പോൾ ആർക്കും യാഥാർത്ഥ്യം ബോധ്യപ്പെടും.

സുന്നികളുടെ മദ്റസ വിദ്യാഭ്യാസ ബോർഡ്ൻ്റെ ആദ്യ ആലോചന നടക്കുന്നത് കാര്യവട്ടത്ത് നടന്ന സമസ്തയുടെ പതിനാറാം വാർഷിക സമ്മേളനത്തിലും, പറവണ്ണ മുഹിയുദ്ദീൻ കുട്ടി മുസ്‌ലിയാർ പ്രസിഡൻ്റും കെ പി ഉസ്മാൻ സാഹിബ് സെക്രട്ടറിയുമായി 33 അംഗ വിദ്യാഭ്യാസ ബോർഡ് നിലവിൽ വന്നത് 1951ൽ വടകര നടന്ന സമസ്തയുടെ പത്തൊമ്പതാം വാർഷിക സമ്മേളത്തിലുമാണ്. 


എന്നാൽ മുജാഹിദ് മൗലവിമാർ വിദ്യാഭ്യാസ ബോർഡ്നെ കുറിച്ചാലോചിക്കുന്നത് തന്നെ 1955 ലാണ്. 1956 മാർച്ച് 31നാണ്  കെ എൻ എം വിദ്യാഭ്യാസ ബോർഡ് രൂപീകരിക്കപ്പെട്ടത്. 


" 1956 ആഗസ്റ്റ് രണ്ടിന് ചേർന്ന വിദ്യാഭ്യാസ ബോർഡിന്റെയും ആലോചന സഭയുടെയും സംയുക്ത യോഗത്തിൽ വെച്ച് ബോർഡിന്റെ നിയമങ്ങളും ചട്ടങ്ങളും നിർണയിച്ചു. 26 മദ്രസകൾ ആണ് തുടക്കത്തിൽ അംഗീകാരം വാങ്ങിയത്. 1957 ജനുവരി 31ന് വാണിയമ്പലത്ത് അധ്യാപക പരിശീലന ക്ലാസും സംഘടിപ്പിച്ചു. "

(മുജാഹിദ് പ്രസ്ഥാനം 

കേരളത്തിൽ - പേജ് 130)


1951ൽ നിലവിൽ വന്ന സമസ്തയുടെ വിദ്യാഭ്യാസ ബോർഡ് 1956 മാർച്ച് 31ന് നിലവിൽ വന്ന കെ എൻ എം വിദ്യാഭ്യാസ ബോർഡിനെ ചാണിനു ചാണായി പിന്തുടർന്നു എന്ന മഹാത്ഭുതം ഉൾക്കൊള്ളാൻ  മുജാഹിദുകൾക്കല്ലാതെ സാധ്യമല്ല.


ഒരു കാര്യം കൂടി ഓർക്കുക.

പറവണ്ണ മുഹിയുദ്ദീൻ കുട്ടി മുസ്‌ലിയാരെ മദ്റസ വിദ്യാഭ്യാസ ബോർഡിന് നേതൃത്വം വഹിക്കാൻ ചുമതലപ്പെടുത്തിയതിന്റെ പിന്നിൽ മറ്റൊരു ചരിത്രം കൂടിയുണ്ട്. അതായത് ഇന്നു കാണുന്ന മദ്റസാ സംവിധാനത്തിന് ആരംഭം കുറിച്ചത് ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി ആയിരുന്നല്ലോ. മഹാനവർകൾ ഒരു കറകളഞ്ഞ സുന്നി യായിരുന്നു. 


"ശാസ്ത്രീയ രീതിയിലുള്ള പാഠ്യ പദ്ധതികളും, പാഠ പുസ്തകങ്ങളും, ചോക്ക്, ബോർഡ്, ബെഞ്ച്, മേശ തുടങ്ങിയ സാമഗ്രികളും ഉപയോഗിച്ചുകൊണ്ടുള്ള ആധുനിക മദ്റസകൾ സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ അദ്ദേഹം ആരംഭിച്ച മദ്റസ പ്രസ്ഥാനം കേരളത്തിലെ മത വിദ്യാഭ്യാസരംഗത്ത് വിപ്ലവം സൃഷ്ടിച്ച ഒരു മഹൽ സംഭവമായിരുന്നു. 1909ൽ വാഴക്കാട് ദാറുൽ ഉലൂം അറബിക് കോളേജിൽ അധ്യാപകനായി ചേർന്നശേഷം അവിടെയാണ് അദ്ദേഹം ആദ്യമായി ഈ വിദ്യാഭ്യാസ പരിഷ്കരണം നടപ്പാക്കിയത്. കേരളത്തിലെ ആധുനിക മത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈ മഹാപരിഷ്കർത്താവിനോട് വളരെയധികം കടപ്പെട്ടിരിക്കുന്നു. എന്നാൽ അദ്ദേഹത്തെ പ്രഗത്ഭനായ ഒരു മത വിദ്യാഭ്യാസ പരിഷ്കർത്താവ് എന്നല്ലാതെ ഒരു മതപരിഷ്കർത്താവ് ഇസ്‌ലാഹി നേതാവ് എന്ന് വിശേഷിപ്പിക്കുന്നത് തെറ്റായിരിക്കും. "

(ഇസ്‌ലാമും കേരളത്തിലെ 

സാമൂഹ്യ പരിവർത്തന 

പ്രസ്ഥാനങ്ങളും - 

പേ: 11, 12 കെ എൻ എം )


ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന മഹാപണ്ഡിതൻ 1909 ലാണ് മദ്രസ സംവിധാനത്തെ കുറിച്ച് ആലോചിച്ചത്. അന്ന് മഹാനവർകൾക്ക് എല്ലാവിധ പിന്തുണയും നൽകിയിരുന്നത് ശിഷ്യരായ ഖുതുബി മുഹമ്മദ് മുസ്‌ലിയാരും പറവണ്ണ മുഹിയുദ്ദീൻ കുട്ടി മുസ്‌ലിയാരുമായിരുന്നു.  

ആ പിൻതുടർച്ചക്കാവണം  പിന്നീട് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വിദ്യാഭ്യാസ ബോർഡിൻ്റെ പ്രസിഡൻ്റായി പറവണ്ണയെ തിരഞ്ഞെടുത്തത്. ഏതായാലും ചാലിലകത്തിന്റെ പിന്തുടർച്ച മദ്രസ പ്രസ്ഥാനത്തിലുണ്ടായത് ശിഷ്യനായ പറവണ്ണയിലൂടെയാണ്. 

ജമാഅത്ത് നേതാവായിരുന്ന കെ മൊയ്തു മൗലവി ഇക്കാര്യം തുറന്നു പറഞ്ഞിട്ടുണ്ട്.


"അബുൽ ബഷീർ കെ പി എ മുഹിയുദ്ദീൻ കുട്ടി മുസ്‌ലിയാർ പറവണ്ണ. ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ശിഷ്യനായിരുന്നു. മൗലാനാ ചാലിലകത്ത് കേരളക്കരയിൽ വരുത്താൻ ഉദ്ദേശിച്ചിരുന്ന പരിഷ്കൃത വിദ്യാഭ്യാസ പദ്ധതി, 1951ൽ സമസ്ത കേരള വിദ്യാഭ്യാസ ബോർഡ് രൂപീകരിക്കുകയും പാഠപുസ്തകങ്ങൾ രചിക്കുകയും വഴി നടപ്പിൽ വരുത്താൻ ഭാഗ്യം ലഭിച്ചത് ഈ ശിഷ്യന്നാണ്. അതുവഴി കേരളത്തിൽ അദ്ദേഹം വരുത്തിയ പരിഷ്കാരം എടുത്തു പറയത്തക്കതാണ്. "

(കെ. മൊയ്തു മൗലവി 

ഓർമ്മക്കുറിപ്പുകൾ - 183)


ഇത്രയും വ്യക്തമായി ഏവരാലും അംഗീകരിക്കപ്പെടുന്ന ഒരു ചരിത്ര യാഥാർത്ഥ്യത്തെയാണ്  മൗലവിമാർ നിഷേധിക്കുന്നതും സ്വന്തം അക്കൗണ്ടിലേക്ക് വരവ് വെക്കുന്നതും.

ചരിത്രബോധം അല്പം പോലുമില്ലാത്ത ഒരു മൗലവി കെ എൻ എം മുഖപത്രത്തിൽ എഴുതുന്നത് നോക്കൂ:


"ഇസ്‌ലാഹി പണ്ഡിതൻ പഴിയും തൊഴിയുമേറ്റ് തുടക്കം കുറിച്ച മത വിദ്യാഭ്യാസ മേഖലകളിലേക്ക് സമസ്ത ഇന്ന് കിതച്ചോടിയെത്തുന്നുവെന്നത്  മുജാഹിദ് പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം അഭിമാനിക്കാൻ ഏറെ വകയുണ്ട്. "

(വിചിന്തനം വാരിക 

2024 മെയ് 17 പേജ് : 24)


മൗലവിമാർ പറയുന്നത് ഇടവും വലവും നോക്കാതെ തഖ്ലീദ് ചെയ്യുന്ന ഒരു ഖൗമുണ്ടെന്നതാണ് മൗലവിമാർക്ക് ഏറെ ആശ്വാസകരം.

No comments:

Post a Comment

ലൈലതുൽ മൗലിദ്; പരിഗണിക്കേണ്ട രാവ്.

 ✍️ അഷ്റഫ് സഖാഫി പള്ളിപ്പുറം ലൈലതുൽ മൗലിദ്; പരിഗണിക്കേണ്ട രാവ്. തിരുനബി(സ്വ) തങ്ങളുടെ പിറവി കൊണ്ട് അനുഗ്രഹീതമായ രാവാണ് വരുന്നത്. അന്നേ ദിവസം...