Wednesday, May 29, 2024

മുഹിയുദ്ദീൻ മാല* *നൂൽ മാല, കപ്പപ്പാട്ട്* *ആദ്യ കാല രചനകൾ 76

 https://m.facebook.com/story.php?story_fbid=pfbid033tg9G8JFqcgrmWisPgTLFDZGQu7eSYputEGAcZvkw11jhNVfHon9BStV9UxhTb3Ul&id=100024345712315&mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 76/313

➖➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*മുഹിയുദ്ദീൻ മാല* 

*നൂൽ മാല, കപ്പപ്പാട്ട്*

*ആദ്യ കാല രചനകൾ*


നമ്മുടെ മുൻഗാമികളിൽ പൂർവ്വസൂരികളിൽ കഴിവുറ്റ പണ്ഡിതരും സാഹിത്യകാരും ധാരാളം ഉണ്ടായിരുന്നു. അന്നത്തെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി ധാരാളം കവിതകളും ഗ്രന്ഥങ്ങളും അവർ രചിച്ചിട്ടുണ്ട്. ഇത് ഏതെങ്കിലും ഒരു കാലഘട്ടത്തിൽ മാത്രം പരിമിതമായിരുന്നില്ല. പക്ഷേ, ആദ്യകാലത്തെ ഗ്രന്ഥങ്ങളിൽ ചിലത് പിൽക്കാലത്ത് പല കാരണങ്ങളാൽ നഷ്ടപ്പെട്ടുപോയി എന്നതാണ് വസ്തുത.


നിലവിലുള്ള ഗ്രന്ഥങ്ങളിൽ ഏറ്റവും പഴക്കം ഉള്ളത് ഖാളി മുഹമ്മദ് എന്നവരുടെ മുഹിയുദ്ദീൻ മാലയാണ്.


സി എൻ അഹമ്മദ് മൗലവി എഴുതുന്നു:


"അച്ചടിക്കാൻ പണ്ടേ ഉപകരണങ്ങൾ ഇല്ലാത്തതുകൊണ്ട് മാപ്പിളമാരുടെ പുരാതന കൃതികളെല്ലാം നശിച്ചുപോയി. 371 കൊല്ലം മുമ്പ്( സി.എൻ ഇത് എഴുതുന്നത് 1978 ലാണ്) രചിച്ച മുഹിയുദ്ധീൻ മാലയാണ് ഇന്ന് നശിച്ചു പോകാതെ അവശേഷിച്ചതിൽ ഏറ്റവും പഴക്കമുള്ളത്. അത് രചിച്ചത് കൊല്ലം 782ൽ (മലയാള കൊല്ല വർഷം)ആണെന്ന് ആ പാട്ടിൽ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.

(മഹത്തായ മാപ്പിള

സാഹിത്യ പാരമ്പര്യം പേജ് 44 )


തുഞ്ചനെഴുത്തച്ഛൻ മലയാള ലിപി രൂപപ്പെടുത്തുന്നതിന് മുമ്പാണ് മുഹിയുദ്ദീൻ മാല രചന എന്നത് അറബി മലയാളത്തിന്റെ ചരിത്ര പാരമ്പര്യം കൂടി തെളിയിക്കുന്നുണ്ട്.


"ആധുനിക ഭാഷാ ലിപിയുടെ പ്രണേതാവായ സർവ്വശ്രീ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ പ്രഖ്യാതമായ ആധ്യാത്മരാമായണം രചിക്കുന്നതിന് അഞ്ചുവർഷം മുമ്പാണ് മുഹിയുദ്ദീൻ മാല രചിച്ചത്. "

(മഹത്തായ മാപ്പിള 

സാഹിത്യ പാരമ്പര്യം 152)


കേരളത്തിൽ ഇസ്‌ലാം പ്രചരിപ്പിച്ച മാലിക് ബിനു ദീനാർ സംഘത്തിലുണ്ടായിരുന്ന മാലിക് ബിനു ഹബീബാണ് ഖാസികുടുംബത്തിൻെറ പിതാവ്. മാലിക് ബിൻ ഹബീബ് മദീനക്കാരനായ മുഹമ്മദ് അൻസാരി(റ) എന്ന സ്വഹാബിയുടെ പുത്രനാണ്. മുഹിയുദ്ധീൻ മാലയുടെ രചയിതാവായ ഖാളി മുഹമ്മദ്(റ) എന്നവരുടെ പത്താമത്തെ ഉപ്പാപ്പയാണ് സ്വഹാബിയായ മുഹമ്മദുൽ അൻസാരി(റ).


ഖാളി മുഹമ്മദ്(റ) ന്റെ പിതൃപരമ്പര താഴെപ്പറയും പ്രകാരമാകുന്നു :


1- പിതാവ് ഖാസി അബ്ദുൽ അസീസ്

2- അല്ലാമ ശിഹാബുദ്ദീൻ അഹ്മദ് ഖാസി

3 - ഖാസി അബൂബക്കർ ഫഖ്റുദ്ദീൻ (സൈനുദ്ദീൻ മഖ്ദൂമിന്റെ ഉസ്താദ്. ഇവർ രൂപപ്പെടുത്തിയ ദർസ് സിലബസാണ് പൊന്നാനി പണ്ഡിതന്മാർ സ്വീകരിച്ചുവരുന്നത് )

4- ഖാസി സൈനുദ്ദീൻ റമളാൻ ശാലിയാത്തി

5- ഖാസി മൂസ

6- ഖാസി ഇബ്റാഹിം

7- ഖാസി മുഹമ്മദ് ബിൻ മാലിക്

8 - മാലിക് ബിൻ ഹബീബ്

9 -ഹബീബ് ബിൻ മാലിക്

10-മുഹമ്മദുൽ അൻസാരി(റ)


ഹിജ്റ 980 ൽ കോഴിക്കോട്ടാണ് ഖാളി മുഹമ്മദ് (റ) ഭൂജാതനായത്. പ്രാഥമിക വിദ്യാഭ്യാസം നേടിയ ശേഷം ഹദീസ്, തഫ്സീർ, ഫിഖ്ഹ്, നിദാനശാസ്ത്രം, ഗോളശാസ്ത്രം തുടങ്ങി അനേകം വിജ്ഞാന ശാഖകൾ അദ്ദേഹം സ്വായത്തമാക്കി. പ്രഗൽഭനായ ഒരു ചരിത്രകാരനും ബഹുഭാഷാ പണ്ഡിതനമായിരുന്നു. ഖിബ്‌ല നിർണ്ണയിക്കുന്നതിലും ഭൂമിശാസ്ത്രപരമായ മറ്റുകാര്യങ്ങളിലും സമകാലികരിൽ അദ്ദേഹത്തിന് തുല്യരെ കണ്ടെത്താൻ പ്രയാസമാണ്. കോഴിക്കോട് കുറ്റിച്ചിറയിൽ ഉള്ള വിശാലമായ ജുമാഅത്ത് പള്ളിയിൽ ദീർഘകാലം മുദരിസ് ആയിരുന്നു. നിരവധി അറബി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.

(അവലബം: മലയാളത്തിലെ

മഹാരഥന്മാർ

മുഹമ്മദലി മുസ്‌ല്യാർ നെല്ലിക്കുത്ത്.)

*നൂൽ മാല*


മഖ്ദൂം തങ്ങളുടെ ശിഷ്യനും പ്രഗൽഭ പണ്ഡിതനുമായിരുന്ന തലശ്ശേരി കുഞ്ഞായി മുസ്‌ലിയാരാണ് നൂൽ മാലയുടെ രചയിതാവ്.


സി എൻ അഹമ്മദ് മൗലവി എഴുതുന്നു:

" മാപ്പിള സാഹിത്യ കളരിയിൽ ഫലിതപ്രിയന്മാരായി വിഹരിച്ചിരുന്ന മഹാ വ്യക്തികൾ ദുർബലമല്ല. അക്കൂട്ടത്തിൽ വിശ്രുതനാണ് കുഞ്ഞായിൻ മുസ്‌ലിയാർ.  മുഹിയുദ്ദീൻ മാല രചിച്ച് സുമാർ 130 വർഷങ്ങൾക്കുശേഷമാണ് കുഞ്ഞായി മുസ്‌ലിയാർ തൻ്റെ പ്രഥമ മാപ്പിള കാവ്യമായ നൂൽമദ്ഹ് എഴുതിയത്. ഈ കൃതി നൂൽമാല എന്ന പേരിൽ തലശ്ശേരിയിൽ നിന്ന് മുദ്രണം ചെയ്തിട്ടുണ്ട്. ഇത് രചിക്കപ്പെട്ടത് ഹിജ്റ: 1151ലാണ്. 


മുഹിയുദ്ദീൻ മാലക്കും നൂൽമദ്ഹിനുമിടയിൽ കഴിഞ്ഞുകടന്ന 130 വർഷത്തെ മാപ്പിളമാരുടെ സാഹിത്യങ്ങൾ അച്ചടിയില്ലാത്തതുമൂലം നശിച്ചതായിരിക്കണം. പോർത്തുഗീസുകാർ,ലന്തക്കാർ, ബ്രിട്ടീഷുകാർ മുതലായവർ നശിപ്പിച്ചതും തട്ടിയെടുത്തതുമായ മാപ്പിള ഗദ്യ - പദ്യകൃതികൾ എത്രയാണെന്ന് തിട്ടപ്പെടുത്തുക സാധ്യമല്ല. 253 വർഷത്തെ (ഇത് എഴുതുന്നത് 1978 ൽ) പഴക്കമുള്ള നൂൽമാലയുടെ കർത്താവ് ഉന്നതരായ ഭക്തകവികളിൽ ഒരാളാണ്. 16 ഇശലുകളിൽ എഴുതിയ ഈ കൃതിയിൽ 666 വരികളാണുള്ളത്. നബി(സ)യോടുള്ള അതിരറ്റ ഭക്തി പ്രകടമാക്കുന്ന ഈ കാവ്യം ഒരുകാലത്ത് മുസ്‌ലിംകൾ പാടി കഥാപ്രഭാഷണം നടത്താറുണ്ടായിരുന്നു. 


*കപ്പപാട്ട്*

കുഞ്ഞായിൻ മുസ്‌ലിയാരുടെ മികച്ച ദാർശനിക കാവ്യമാണ് കപ്പപ്പാട്ട്. മനുഷ്യ ശരീരത്തെ പായക്കപ്പലിനോടും ജീവിതത്തെ പായക്കപ്പലിന്റെ സഞ്ചാരത്തോടും സാദൃശ്യപ്പെടുത്തിയിട്ടുള്ള ഈ കാവ്യം ഒരേ ഇശലിൽ 600 വരി ഉൾക്കൊള്ളുന്നു.ശരീര ശാസ്ത്രത്തിന്റെ മൂലഘടകങ്ങൾ നന്നായി പഠിച്ചിരുന്ന കുഞ്ഞായി മുസ്‌ലിയാർ, അതിന് ആത്മീയ പരിവേഷം നൽകിയാണ് കപ്പപ്പാട്ടിൽ അവതരിപ്പിച്ചിട്ടുള്ളത്. ശാശ്വതമായ പാരത്രിക ജീവിതത്തിലേക്ക് ആത്മാവിനെ ആനയിക്കുന്ന കപ്പലാണ് മനുഷ്യശരീരമെന്ന് കവി സമർത്ഥിക്കുന്നു. "


(മഹത്തായ മാപ്പിള 

സാഹിത്യ പാരമ്പര്യം

162 - 165)

No comments:

Post a Comment

മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം

 https://www.facebook.com/share/17ZWVWZjSu/ 1️⃣5️⃣6️⃣ മുജാഹിദ് പ്രസ്ഥാനം  ഒരു സമഗ്ര പഠനം ✍️aslam saquafi payyoli  ➖➖➖➖➖➖➖➖➖➖➖ ദൈവവിശ്വാസ പരി...