Wednesday, May 29, 2024

ചന്ദ്രികയുടെ ചരിത്രം*മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം - 107

 https://www.facebook.com/share/p/HhFiZVkBjv8Ed9wG/?mibextid=oFDknk

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം - 107

✍️ Aslam saquafi payyoli


*ചന്ദ്രികയുടെ ചരിത്രം*


ഐക്യ സംഘത്തിന്റെ വഹാബി ചിന്തകൾ പുറത്തേക്ക് വന്നപ്പോൾ തന്നെ അഹ്മദ് കോയ ശാലിയാത്തി, ഖുതുബി തങ്ങൾ പോലുള്ള പണ്ഡിത വരേണ്യർ ജനങ്ങളെ ബോധവൽക്കരിക്കുകയും  പണ്ഡിതോചിതമായി ഇടപെട്ട് ആശയപരമായി അവരെ  തളർത്തിക്കളയുംകയും ചെയ്തിരുന്നു. അതോടെ കെ എം മൗലവി സമുദായത്തിനിടയിൽ വെറുക്കപ്പെട്ടവനാവുകയും ചെയ്തു. നാദാപുരം സംവാദത്തിനു ശേഷം

മൗലവിമാരെ കാണുമ്പോൾ ' ലാ ' കട്ടവരെന്ന് പറഞ്ഞ് ജനങ്ങൾ കൂകിവിളിച്ച സാഹചര്യം വരെയുണ്ടായി.


ഈ ജാള്യത മറച്ചുവെക്കാനും പൊതുസമൂഹത്തിൽ സ്വീകാര്യത നേടാനും കെഎം മൗലവി കണ്ടെത്തിയ പ്രധാനപ്പെട്ട രണ്ടു കാര്യങ്ങൾ നാം മുമ്പ് ചർച്ച ചെയ്തു. 


സമുദായത്തിന്റെ പേരിൽ ഒരു രാഷ്ട്രീയ പാർട്ടി കേരളത്തിൽ രൂപീകരിച്ച് അതിൻെറ നേതൃസ്ഥാനത്ത് സ്വയം അവരോധിക്കുകയും  അതോടൊപ്പം നവോത്ഥാന നായകനായി പ്രത്യക്ഷപ്പെടുക, അതിനു വേണ്ടി ഒരു പത്രം ആരംഭിക്കുകയും ചെയ്യുക എന്നതായിരുന്നു മൗലവിയുടെ തുളഞ്ഞ ബുദ്ധിയിൽ ഉദിച്ചിരുന്നത്. ഏറെക്കുറെ അത് ഫലം കണ്ടു. പാർട്ടി നേതൃസ്ഥാനത്ത് അവരോധിക്കപ്പെട്ടവരെല്ലാം മൗലവിയുടെ ശിങ്കിടികളായിരുന്നു. ഉമ്മത്തിന്റെ മനസ്സിലിടം പിടിക്കാൻ  പിന്നീട് സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളെ ലീഗിൻ്റെ പ്രസിഡൻറ് സ്ഥാനത്ത് കൊണ്ടുവന്നതും കെ എം മൗലവിയുടെ തീരുമാനം തന്നെയായിരുന്നു.


വരികൾക്കിടയിലൂടെ പിഴച്ച ആശയങ്ങൾ ജനമനസ്സുകളിലേക്ക് കുത്തിവെക്കുക എന്ന ലക്ഷ്യത്തോടെ വക്കം മൗലവി ദീപിക പോലുള്ള പല പത്രങ്ങളും പ്രസിദ്ധീകരിച്ചിരുന്നു. അതിന് ചുവടുപിടിച്ച് പൊതു വാർത്തകൾക്കിടയിലൂടെ ബിദഈ ആശയങ്ങൾ പ്രചരിപ്പിക്കുക എന്ന ചിന്തയിൽ കെഎം മൗലവി തുടക്കം കുറിച്ച പ്രസിദ്ധീകരണമാണ് ചന്ദ്രിക.


"മലയാള പത്രലോകത്ത് ഇന്നും ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന സ്വദേശാഭിമാനി പത്രത്തിന്റെ സ്ഥാപകനായ വക്കം മൗലവി 1932 ൽ മരണപ്പെട്ടപ്പോൾ തനിക്ക് ഗുരുതുല്യനായ അദ്ദേഹത്തിൻ്റെ പാത പിന്തുടർന്ന് മുസ്‌ലിം സമുദായം ഒരു പത്രം തുടങ്ങണമെന്ന ആഗ്രഹം കെ എം മൗലവി പലരോടും പ്രകടിപ്പിച്ചിരുന്നു. അതിനിടയിൽ 1933 ൽ തലശ്ശേരി മെയിൻ റോഡിലുള്ള ആലിഹാജി പള്ളിയിൽ കെ.എം മൗലവി സാഹിബിൻ്റെ ഒരു ഖുർആൻ ക്ലാസ്സ് നടന്നു. പ്രസംഗത്തിനിടയിൽ സമുദായം ഒരു പത്രം തുടങ്ങേണ്ട ആവശ്യകത നേതാക്കളുടെ മനസ്സിൽ അദ്ദേഹം എടുത്തിട്ടു. അങ്ങനെയാണ് സീതി സാഹിബിന്റെ നേതൃത്വത്തിൽ 1934 മാർച്ച് 26ന് തിങ്കളാഴ്ചതോറും പുറത്തിറങ്ങുന്ന പ്രതിവാര പത്രമായി ചന്ദ്രിക പ്രസിദ്ധീകരിക്കാൻ തുടങ്ങിയത്. തലശ്ശേരി മുൻസിപ്പൽ ചെയർമാൻ ആയിരുന്ന സിപി മമ്മുക്കേയി ആയിരുന്നു മാനേജിങ് ഡയറക്ടർ. ഇന്നത്തെപ്പോലെ മുസ്‌ലിംലീഗിന്റെ ജിഹ്വ ആയിട്ടായിരുന്നില്ല ചന്ദ്രിക പത്രം ആരംഭിച്ചത്. 1939ൽ അത് ദിനപത്രമായി. 1937 ൽ മലബാർ ജില്ലാ മുസ്‌ലിംലീഗിന്റെ രൂപീകരണത്തോടെയാണ്  ചന്ദ്രിക മുസ്‌ലിം ലീഗിൻെറ ജിഹ്വയായി മാറിയത്. (മലബാർ ജില്ലാ മുസ്‌ലിം ലീഗ് രൂപീകരണത്തിന് പിന്നിൽ കെ എം മൗലവി ആയിരുന്നു.) മുസ്‌ലിം നവോത്ഥാന പ്രസ്ഥാനവു(മുജാഹിദു)മായി ബന്ധമുള്ളവരായിരുന്നു ആദ്യകാലത്ത് പ്രധാനമായും ചന്ദ്രികയുടെ പത്രാധിപസമിതിയിലുണ്ടായിരുന്നത്. മലബാറിലെങ്ങും ദിനേന പത്രം എത്തിക്കാൻ ബുദ്ധിമുട്ട് നേരിട്ടപ്പോൾ മലബാറിന്റെ മധ്യ കേന്ദ്രമായ കോഴിക്കോട്ടേക്ക് 1945- ൽ ചന്ദ്രിക പറിച്ചു നടുകയായിരുന്നു. അപ്പോഴെല്ലാം ഇസ്‌ലാഹി നേതാക്കളുടെയും പ്രവർത്തകരുടെയും ശക്തമായ പിൻതുണയും ശ്രമങ്ങളും ചന്ദ്രികക്ക് വലിയതോതിൽ ലഭിച്ചിരുന്നു. പത്രം പ്രചരിപ്പിക്കുന്നതിലും അത് പിടിച്ചു നിർത്തുന്നതിലും കെ മൗലവിയുടെ അനുയായികൾ വഹിച്ച പങ്ക് ആർക്കും നിഷേധിക്കാനാവില്ല. "

(മുജാഹിദ് പ്രസ്ഥാനം 

കേരളത്തിൽ - കെ എൻ എം പേ: 235)


ജമാഅത്തെ ഇസ്‌ലാമിയുടെ മാധ്യമം പത്രം പോലെ ഇടയ്ക്കിടെ സുന്നി വിരുദ്ധ ലേഖനങ്ങൾ വാരാന്ത പതിപ്പിലൂടെയും മറ്റും പ്രചരിപ്പിച്ചപ്പോൾ ചന്ദ്രികക്കെതിരെ സുന്നി നേതാക്കൾ രംഗത്ത് വന്നിരുന്നു.


" ചന്ദ്രിക പത്രത്തെ മുസ്ലിംകൾ സൂക്ഷിക്കണം" എന്നതായിരുന്നു 1951 നവംമ്പറിൽ ഇറങ്ങിയ ഹിദായത്തുൽ മുഅ്മിനീൻ എന്ന സുന്നി പ്രസിദ്ധീകരണത്തിലെ ചന്ദ്രികക്കെതിരെയുള്ള തലവാചകം.


സമസ്തയുടെ സ്ഥാപക നേതാക്കളുടെ ആദർശ പടയോട്ടത്തിൽ നിലം പതിച്ചുപോയ വഹാബിസം പിന്നെ തലപൊക്കിയത് ചന്ദ്രികയിലൂടെയും സമുദായ പാർട്ടിയുടെ മറവിലുമായിരുന്നു എന്നത് ഒരു ചരിത്ര വസ്തുത തന്നെയാണ്. 


കെ. എം മൗലവിയെ മറന്ന് തുടങ്ങിയ പുതു തലമുറക്ക് മൗലവിയുടെ ജീവ ചരിത്രം  തയ്യാറാക്കുന്നത് ചന്ദ്രികയിലെ എഴുത്തുകാരനാണെന്നതും അതിനംഗീകാരം ലഭിക്കാൻ പാണക്കാട് കുടുംബത്തെ ഉപയോഗപ്പെടുത്തുന്നുവെന്നതും  ചരിത്രാവർത്തനമായി തന്നെ നമുക്ക്  മനസ്സിലാക്കാം.

No comments:

Post a Comment

മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം

 https://www.facebook.com/share/17ZWVWZjSu/ 1️⃣5️⃣6️⃣ മുജാഹിദ് പ്രസ്ഥാനം  ഒരു സമഗ്ര പഠനം ✍️aslam saquafi payyoli  ➖➖➖➖➖➖➖➖➖➖➖ ദൈവവിശ്വാസ പരി...