https://m.facebook.com/story.php?story_fbid=pfbid02mXtEzhBSNk57wdqB3yBqTibyoFS6sL98FhaUWrDirn61eMC4voJGFcCNPHV2iFGdl&id=100024345712315&mibextid=9R9pXO
*സ്ത്രീ വിദ്യാഭ്യാസം*
മുജാഹിദ് പ്രസ്ഥാനം
ഒരു സമഗ്ര പഠനം 106/313
➖➖➖➖➖➖➖➖➖➖➖
✍️ Aslam saquafi payyoli
സുന്നികൾ സ്ത്രീ വിദ്യാഭ്യാസത്തിനെതിരെ പ്രവർത്തിച്ചു എന്നതാണ് മുജാഹിദുകളുടെ മറ്റൊരു ആരോപണം.
കെ എൻ എം പ്രസിദ്ധീകരിച്ച ഇസ്‌ലാഹി പ്രസ്ഥാനം എന്ന പുസ്തകത്തിൽ എഴുതുന്നു :
"സ്ത്രീ വിദ്യാഭ്യാസം മതപരമായി മക്റൂഹ് ആണെങ്കിലും സ്ത്രീകളെ വിദ്യ അഭ്യസിപ്പിക്കാൻ പ്രത്യേകം പാടില്ല എന്നാണ് സമസ്ത പ്രമേയം പാസാക്കിയത് "
(പേജ് : 61)
സ്ത്രീകൾക്ക് യാതൊരു വിദ്യാഭ്യാസവും നൽകാതെ തനി ജഹാലത്തിൽ തളച്ചിട്ടു എന്നാണ് ഇത് വായിക്കുമ്പോൾ മനസ്സിലാവുക. എന്നാൽ സുന്നികൾ ഒരിക്കലും സ്ത്രീ വിദ്യാഭ്യാസത്തിന് എതിരായിരുന്നില്ല. മലയാള ലിപി വരുന്നതിനുമുമ്പ് അറബി മലയാള ലിപി നിർമ്മിക്കുകയും അത് സ്ത്രീകൾക്ക് പഠിപ്പിക്കുകയും ചെയ്തവരാണ് കേരളത്തിലെ സുന്നി ഉലമാക്കൾ. അതുകൊണ്ടാണ് മുജാഹിദുകൾ അൽ മുർശിദ്, അൽ ഇർശാദ് തുടങ്ങിയ പ്രസിദ്ധീകരണങ്ങൾ അറബി മലയാള ലിപിയിൽ പുറത്തിറക്കിയത്.
അൽ മുർശിദിൽ എഴുതുന്നു:
"അൽമുർശിദ് മലയാള ഭാഷയിലും ലിബിയിലും പുറപ്പെടുവിക്കാതെ അറബി മലയാളത്തിൽ തന്നെ പുറപ്പെടുവിക്കാൻ പല കാരണങ്ങളുമുണ്ട്. ഒന്നാമതായി കേരള മുസ്‌ലിംകളിൽ മലയാളം എഴുതുവാനും വായിക്കുവാനും അറിയുന്നവരെ അപേക്ഷിച്ച് അറബി മലയാളം അറിയുന്നവരുടെ എണ്ണം വളരെ അധികമാണ്. വിശേഷിച്ച് പുരുഷന്മാരെ പോലെ തന്നെ സ്ത്രീകൾക്കും അറബി മലയാളം വായിക്കുവാൻ സാധിക്കും. "
(1935 ഫെബ്രുവരി പേജ് : 2)
മാത്രമല്ല, സമസ്തയുടെ ആദ്യകാല മുശാവറാംഗം പുതിയാപ്പിള അബ്ദുറഹ്മാൻ മുസ്‌ലിയാരുടെ ഭാര്യ വെളിയങ്കോടും പരിസരത്തുമുള്ള സ്ത്രീകൾക്ക് ദർസ് നടത്തി കൊടുത്തിരുന്നു.(മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം - 531)
സ്ത്രീകൾക്ക് വേണ്ടി മസ്അലകൾ വായിച്ചു പഠിക്കാൻ ആദ്യ കാലത്തിറക്കിയ പുസ്തകങ്ങളെ കുറിച്ച് സി എൻ പറയുന്നു:
"വെള്ളാട്ടി മസ്അല, നൂറുൽ ഈമാൻ, നൂറുൽ ഇസ്‌ലാം മുതലായ ചെറുഗ്രന്ഥങ്ങൾ പ്രാചീന കൃതികളിൽ പെടുന്നു... കഥാരൂപത്തിൽ വിവിധ വിഷയങ്ങൾ പഠിപ്പിക്കുകയാണ് ഈ കൃതി മുഖേന ചെയ്യുന്നത്. കൈഫിയത്ത് സ്വലാത്ത് പണ്ടുകാലങ്ങളിൽ എല്ലാ സ്ത്രീപുരുഷന്മാരും ശ്രദ്ധിച്ചു പഠിച്ചിരുന്നു. അതിൻെറ അവസാന പേജിലാണ് ഉമർ ഖാസിയുടെ അസർ നമസ്കാരത്തിന്റെ അടിക്കണുള്ളത്. "
(മഹത്തായ മാപ്പിള
സാഹിത്യ പാരമ്പര്യം 271)
മതപരമായതും അത്യാവശ്യവുമായ വിദ്യാഭ്യാസം സ്ത്രീകൾക്ക് നൽകുന്നതിൽ ഒരിക്കലും ഒരു വീഴ്ചയും മുൻഗാമികൾ വരുത്തിയിട്ടില്ല.
മുസ്‌ലിം സ്ത്രീകളെ പൊതുരംഗത്തിറക്കാനും പരപുരുഷന്മാരോടൊപ്പം വേദിയിൽ പ്രത്യക്ഷപ്പെടുത്താനും അതിനാവശ്യമായ വിദ്യാഭ്യാസങ്ങൾ നൽകാനുമാണ് മുജാഹിദ് പ്രസ്ഥാനം പ്ലാൻ ചെയ്തിരുന്നത്. അവരുടെ ഫാമിലികളിലെ സ്ത്രീകളെ പൊതു രംഗത്തിറക്കിയും പൊതുവേദിയിൽ പ്രസംഗിപ്പിച്ചും അന്യസ്ത്രീ പുരുഷന്മാർക്കിടയിലുള്ള മറ വലിച്ചുകീറാൻ അവർക്ക് ഏറെക്കുറെ സാധിച്ചിട്ടുണ്ട്. യുവതികളായ സ്ത്രീകൾ പൂർണമായി ഔറത്ത് പോലും മറക്കാതെ സ്റ്റേജുകളിലും സമ്മേളന ഗ്രൗണ്ടുകളിലും ഈദ് ഗാഹുകളിലും പ്രത്യക്ഷപ്പെട്ടത് മുജാഹിദിന്റെ നവോത്ഥാന ഫലം തന്നെയാണ്. അവസാനം മൗലവിമാർക്ക് പോലും ഇതിനെതിരെ ശബ്ദിക്കേണ്ടി വന്നിട്ടുണ്ട്.
1978 ലെ അൽമനാർ മാസികയിൽ നിന്ന്:
അവരെന്തിന് പള്ളിയിൽ വരുന്നു ? കോഴിക്കോട് നഗരത്തിലെ ഒരു പ്രധാനപ്പെട്ട പള്ളിയിൽ നിന്ന് ബലിപെരുന്നാൾ നമസ്കാരവും കഴിഞ്ഞ് പുറത്തിറങ്ങിയ സ്ത്രീകളുടെ ചിത്രം സ്ഥലത്തെ ഒരു പ്രമുഖ പത്രം പ്രസിദ്ധീകരിച്ചിരുന്നു. കണ്ടപ്പോൾ നടുങ്ങിപ്പോയി. മതബോധമുള്ള ഏതൊരു മുസ്ലിമിന്റെയും മനസ്സാക്ഷിയെ വ്രണപ്പെടുത്തുന്ന ചിത്രം. അണിഞ്ഞൊരുങ്ങി ഫാഷൻ പരേഡിന് ഇറങ്ങിയ അത്യാധുനിക മഹിളകളെന്നേ ചിത്രം കാണുന്ന മാത്രയിൽ ആർക്കും തോന്നുകയുള്ളൂ. പള്ളിയിൽ കയറി ദൈവ പ്രാർത്ഥനയും നടത്തി, ഒരു സാരോപദേശ പ്രസംഗവും കേട്ട് പുറത്തിറങ്ങിയ ഭക്തകളുടെ കോലം! ഇങ്ങനെയാണെങ്കിൽ അവരെന്തിനു പള്ളിയിൽ വരുന്നു ?
(അൽമനാർ 1978
ഡിസംബർ, പേജ് : 3)
ഇസ്‌ലാമിൽ പുരുഷനാണ് പൊതുവേദിയിൽ പ്രത്യക്ഷപ്പെടേണ്ടതും രാഷ്ട്രീയ സാമൂഹ്യ പ്രവർത്തനങ്ങളിൽ സജീവമാകേണ്ടതും. പൊതുസമൂഹത്തിൽ പ്രകടമാക്കേണ്ട ആരാധനകളുടെ നേതൃത്വവും പുരുഷന്മാർക്ക് തന്നെയാണ്. പള്ളിയിൽ ബാങ്ക് വിളിക്കേണ്ടതും ഇമാമത്ത് നിൽക്കേണ്ടതും ഖാസി സ്ഥാനങ്ങൾ വഹിക്കേണ്ടതും പുരുഷന്മാർ തന്നെയാണ്. സ്ത്രീകളുടെ ഭരണം അവരവരുടെ വീടുകളിലും സന്താനങ്ങളിലുമാണ്. അതുകൊണ്ടുതന്നെ സ്ത്രീകളുടെ വിദ്യാഭ്യാസം മതപരമായ വിഷയങ്ങളിലുള്ള വിദ്യയും അത്യാവശ്യം അവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളുമാണ്.
കേരളത്തിലെ മുജാഹിദുകൾ അല്ലാത്ത എല്ലാവർക്കും ഈ കാര്യങ്ങൾ ബോധ്യപ്പെടുകയും മനസ്സിലാകുകയും ചെയ്തിട്ടുണ്ട്. കേരള വഹാബികൾ പോലും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഇബ്നു ബാസിനെ പോലുള്ള പണ്ഡിതന്മാർ ഈ വിഷയത്തിൽ എടുത്ത നിലപാട് ഇവിടെ പകർത്തുന്നത് ഏറെ ഉപകാരപ്പെടും.
മുജാഹിദ് പണ്ഡിതൻ എം.ഐ മുഹമ്മദലി സുല്ലമി സ്ത്രീ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഗൾഫ് പണ്ഡിതന്മാരുടെ നിലപാട് വ്യക്തമാക്കുന്നു.
"ആൺകുട്ടികളും പെൺകുട്ടികളും ഒരേ സ്ഥാപനത്തിലോ ഒരേ ക്ലാസിലൊ പഠിക്കുന്നത് നിഷിദ്ധമാണെന്നാണ് ഗൾഫിലെ സലഫികൾ പറയുന്നത്. അപ്രകാരം ആൺകുട്ടികളെ വനിതകളും പെൺകുട്ടികളെ പുരുഷന്മാരും പഠിപ്പിക്കുന്നതും നിഷിദ്ധമാണത്രേ. പ്രൈമറി പാഠശാലകളിൽ പോലും ഇത്തരം മിശ്ര വിദ്യാഭ്യാസം ഹറാമാണെന്ന് അവർ പറയുന്നു.
ശൈഖ് അബ്ദുൽ അസീസ് ബിൻ ബാസ്(റ) പറയുന്നു:
"പ്രൈമറി സ്കൂളുകളിൽ വനിതകൾ അധ്യാപനം നടത്തുന്നത് അവർ ആൺകുട്ടികളുമായി കൂടിക്കലരാൻ ഇടവരുന്നു. ചില കുട്ടികൾ പ്രായപൂർത്തിയാകാറാവുമ്പോഴും പ്രൈമറി സ്കൂളുകളിൽ ആയിരിക്കും പഠിക്കുന്നത്. ഒരാൺകുട്ടിക്ക് പത്ത് വയസ്സായാൽ അവൻ കൗമാരപ്രായത്തിലെത്തുന്നു സ്ത്രീകളിലേക്ക് അവൻ ആകൃഷ്ടനാവുകയും ചെയ്യുന്നു ആ പ്രായത്തിൽ അവന് വിവാഹം ചെയ്യാവുന്നതാണ്.
മറ്റൊരു കാര്യം കൂടി എടുത്തു പറയേണ്ടതാണ്. പ്രൈമറി തലത്തിലുള്ള മിശ്രവിദ്യാഭ്യാസം ക്രമേണ മറ്റു തലങ്ങളിലേക്കും വ്യാപിക്കാനിടയുണ്ട്. മിശ്രവിദ്യാഭ്യാസം മൂലമുള്ള നാശങ്ങൾക്കും ദുരന്തങ്ങൾക്കും കയ്യും കണക്കുമില്ല. ഇസ്‌ലാമിക വിജ്ഞാനീയങ്ങളെ കുറിച്ചും സമുദായത്തിലെ ബാലികാ ബാലകരുടെ ഭാവിയെക്കുറിച്ചും ജ്ഞാനമുള്ള ഏതൊരാൾക്കും ഇക്കാര്യം സംശയലേശമന്യേ ഗ്രഹിക്കാവുന്നതാണ്. അതിനാൽ മിശ്ര വിദ്യാഭ്യാസത്തിൻറെ കവാടങ്ങൾ നാം ഭദ്രമായി അടച്ചുപൂട്ടുക തന്നെ വേണം. ആൺകുട്ടികളെ പ്രൈമറി തലം മുതൽ എല്ലായിടത്തും പുരുഷന്മാരായ അധ്യാപകരും പെൺകുട്ടികളെ വനിതകളും മാത്രമേ പഠിപ്പിക്കാവൂ. അതാണ് നിർബന്ധമായതെന്ന് എനിക്ക് ബോധ്യമുണ്ട്. (ഇബ്നു ബാസിന്റെ അത്തബർറുജ് വഖത്തുറുഹു (പുറത്തിറങ്ങലിന്റെ അപകടം) എന്ന കൃതി പേജ് 47 )
എം ഐ സുല്ലമി തുടർന്നെഴുതുന്നു:
" സ്ത്രീകളുടെ ഭൗതിക വിദ്യാഭ്യാസം : കെമിസ്ട്രി, ഫിസിക്സ്, ബയോളജി തുടങ്ങിയ ശാസ്ത്രീയ വിജ്ഞാനീയങ്ങളും മറ്റു ഭൗതിക വിജ്ഞാനങ്ങളും വിദ്യാർഥിനികളും അഭ്യസിക്കാൻ ഇസ്‌ലാഹി (മുജാഹിദ്) പ്രസ്ഥാനം പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഗൾഫ് സലഫികൾ ശാസ്ത്ര വിജ്ഞാനങ്ങൾ പെൺകുട്ടികൾ അഭ്യസിക്കേണ്ടതില്ലെന്ന് വീക്ഷണമാണ് വെച്ചുപുലർത്തുന്നത് ഗൾഫ് സലഫികൾ ശാസ്ത്ര വിജ്ഞാനങ്ങൾ പെൺകുട്ടികൾ അഭ്യസിക്കേണ്ടതില്ലെന്ന വീക്ഷണമാണ് വെച്ച് പുലർത്തുന്നത്. സലഫി പണ്ഡിതരുടെ ഫത്‌വകൾ ക്രോഡീകരിച്ച ഫതാവാ ഇസ്‌ലാമിയ്യയിൽ ശൈഖ് ഇബ്നു ബാസ് ഒരു ചോദ്യത്തിന് നൽകിയ മറുപടി ശ്രദ്ധിക്കുക:
ചോദ്യം : കെമിസ്ട്രി, ഫിസിക്സ് തുടങ്ങിയ ഭൗതിക ശാസ്ത്രീയ വിഷയങ്ങൾ ഒരു യുവതി പഠിക്കുന്നത് അനുവദനീയമാണോ? ഉത്തരം: ഒരു സ്ത്രീ അവൾക്ക് അനാവശ്യമായ വിഷയങ്ങൾ പഠിക്കേണ്ട ആവശ്യമില്ല. അറബി ഭാഷ ഇസ്ലാമിക പാഠങ്ങൾ തുടങ്ങിയ അവരുടെ പ്രകൃതി കനിയോജ്യമായ വിഷയങ്ങൾ അവൾ പഠിക്കേണ്ടതാണ്. എൻജിനീയറിങ് രസതന്ത്രം ഭൗതികശാസ്ത്രം ഗോളശാസ്ത്രം ഭൂമിശാസ്ത്രം തുടങ്ങിയവയൊന്നും അവൾക്ക് അനുയോജ്യമായവയല്ല. (ഫതാവ ഇസ്‌ലാമിയ്യ: വാല്യം : 4 പേജ് : 235 )
ചുരുക്കത്തിൽ, ഗൾഫ് സലഫികളും സുന്നി പണ്ഡിതരും ഈ വിഷയത്തിൽ സൂക്ഷ്മ വശങ്ങൾ സ്വീകരിക്കുകയാണ് ചെയ്തത്. സ്ത്രീകളുടെ പൂർണ്ണ സുരക്ഷയ്ക്ക് വേണ്ടി എന്തൊക്കെ വിദ്യാഭ്യാസം അവർക്ക് നൽകണമെന്ന ചർച്ചയിൽ പണ്ഡിതന്മാർ എടുത്ത തീരുമാനങ്ങൾ അടർത്തിയെടുത്ത് അത് സ്ത്രീ വിദ്യാഭ്യാസത്തിനെതിരാണെന്ന് വരുത്തി തീർത്ത് സുന്നികൾ പിന്തിരിപ്പന്മാരാണെന്ന് വരുത്തി തീർക്കാനാണ് മൗലവിമാരുടെ ശ്രമം. മൗലവിമാർ വിവാധമാക്കിയ സുന്നി പണ്ഡിതരുടെ ഫത്‌വ യുടെ പശ്ചാത്തലം ഇങ്ങനെ വായിക്കാം :
"ഇക്കാലത്തുള്ള സ്ത്രീ അക്ഷര വിദ്യ അധികവും ദീനിയായ വിഷയത്തിലോ ശറഹ് അനുസരിച്ച തോതിലോ കാര്യമായ ആവശ്യത്തിനോ അല്ലാത്തതോടുകൂടി ആയതിനാൽ കണക്കില്ലാത്ത പാപങ്ങൾ വന്നു വശാകുന്നതും അത് പല പാപങ്ങൾക്കുമുള്ള ഉപകരണം ആവുന്നതും ദൃഷ്ടിയാൽ അറിയപ്പെടുന്ന തായും വരുന്നതുകൊണ്ട്... "
(ഇസ്‌ലാഹി പ്രസ്ഥാനം പേജ് 59)
ഈ സൂക്ഷ്മതയുടെ പാശ്ചാത്തലം മറച്ചുവെച്ചുകൊണ്ടാണ് മൗലവിമാർ തെറ്റിദ്ധരിപ്പിക്കാറുള്ളത്. പ്രമേയത്തിലെ അക്ഷരവിദ്യ എന്നത് മനപ്പൂർവ്വം വിദ്യാഭ്യാസം എന്നാക്കി മാറ്റുകയും ചെയ്യും.
No comments:
Post a Comment