Saturday, July 20, 2024

فالمدبرات امرا* 🖋️മൗലാനാ നജീബ് മൗലവി

 *فالمدبرات امرا*

🖋️മൗലാനാ നജീബ് മൗലവി


മനുഷ്യരടക്കമുള്ള ഈ അധോലോകത്തിന്റെ മേൽ കൈകാര്യാധികാരവും നിയന്ത്രണശേഷിയും അല്ലാഹു നല്കിയിട്ടുള്ളത് ഉപരിലോക സൈന്യത്തിനാണ്. ആകാശ ലോകത്തെ മലക്കുകൾക്ക്. അതിനു വേണ്ട പ്രകൃതിയിലും, ഉപരി ലോകത്തും ഭൂമിയിലുമെല്ലാം നിവസിക്കുവാനും സഞ്ചരിക്കുവാനുമുള്ള സിദ്ധിയിലുമാണ് അവരെ അല്ലാഹു ഒരുക്കിയിരിക്കുന്നത്. അല്ലാഹുവിന്റെ സൃഷ്ടികളെ ഇതനുസരിച്ച് രണ്ടു ഗണമായി തരംതിരിക്കപ്പെട്ടിട്ടുണ്ട്. ആലമുൽ ഖൽഖ്(عالم الخلق), ആലമുൽ അംറ്(عالم الامر). സൃഷ്ടിലോകം, അതിന്റെ മേൽ അധികാരമുള്ള നിയന്ത്രക ലോകം എന്നിങ്ങനെ ഇതിനെ മൊഴിമാറ്റാം. പദാർത്ഥലോകം-ആത്മീയലോകം എന്നും ഇന്ദ്രിയലോകം- ഇന്ദ്രിയാതീത ലോകം എന്നും ഭൗതിക ലോകം, അഭൗതിക ലോകം എന്നും വിശേഷിപ്പിക്കാം. 

( عالم الغيب عالم الشهادة ، عالم الملكوت عالم الملك)

ഇതാണ് ألا له الخلق والأمر تبارك الله ربِّ العالمين-

ഖൽഖിന്റെ ലോകവും അംറിന്റെ ലോകവും അല്ലാഹുവിന്നുടമപ്പെട്ടതാകുന്നു എന്ന ഖുർആൻ വാക്യം കൊണ്ടുദ്ദേശ്യം.


ഭൗതിക-ജഢലോകത്തിന്റെ മേൽ നിയന്ത്രണാധികാരവും ആധിപത്യവും നല്കിക്കൊണ്ടാണ് ആത്മീയ ലോകത്തെ സംവിധാനിച്ചിട്ടുള്ളതെന്ന് അല്ലാഹുതന്നെ വ്യക്തമാക്കിയിട്ടുണ്ട്.

فالمدبرات امرا - النازعات ٥

'കാര്യങ്ങളെല്ലാം ചിട്ടപ്പെടുത്തി നിയന്ത്രിച്ചു ഭരിക്കുന്ന സൃഷ്ടികളെത്തന്നെയാണ് സത്യം' എന്ന് അല്ലാഹു ആണയിട്ട പടപ്പുകൾ കൊണ്ടുദ്ദേശ്യം ഭൂമിലോകത്തിന്റെ മേൽ ആധിപത്യമുള്ള ഉന്നതാത്മാക്കളായ മലക്കുകളാണെന്നാണ് ഇമാം റാസിയും മറ്റും ബലപ്പെടുത്തിയത്.


"കാര്യങ്ങൾ നിയന്ത്രിക്കുന്ന ദാത്തുകൾ എന്നുള്ളത് മലക്കുകളുടെ കർമ്മശേഷി വിവരിക്കുന്നതിലേക്ക് സൂചനയാണ്. അതെങ്ങനെയെന്നാൽ, ഈ അധോലോകത്തിന്റെ ഏതൊരു നിലപാടും ഉപരിലോകനിവാസികളും ആകാശങ്ങളിൽ താമസിക്കുന്നവരുമായ മലക്കുകളിൽ ഓരോരുത്തരുടെ ഭരണ നിയന്ത്രണത്തിലേക്ക് ഏല്പിക്കപ്പെട്ടതാണ്."

(തഫ്സീറുൽ കബീർ: 31-30)


മലക്കുകളെപ്പോലെ ഉപരിലോകത്തിന്റെയും അഭൗതിക ലോകത്തിന്റെയും ഭാഗമാണ് നമ്മുടെ ആത്മാവ്. 'റൂഹിനെക്കുറിച്ച ചോദ്യത്തിന് അത് ആലമുൽ അംറിന്റെ-കാര്യനിർവ്വഹണ ലോകത്തിന്റെ ഭാഗമാണെന്ന് നബിയേ തങ്ങൾ മറുപടി പറയുക'യെന്ന് ഖുർആൻ നിർദ്ദേശിച്ചിട്ടുണ്ട്.

[يسئلونك عن الروح قل الروح من امر ربي- الإسراء ٨٥]


പക്ഷേ, അധോലോകത്തെ മനുഷ്യാത്മാക്കളിൽ പരിശുദ്ധാത്മാക്കൾക്കു മാത്രമേ ഈ പദവിയുള്ളൂ. മഹാത്മാക്കൾ അവയുടെ ശരീരത്തിൽ നിന്ന് വേർപ്പെട്ടാൽ ഉപരിലോകത്തെ ഇല്ലിയ്യിനിലേക്ക് ഉയരുമെന്നും മലക്കുകളോട് ചേരുമെന്നും ഹദീസുകളിൽ വിവരിക്കപ്പെട്ടിട്ടുണ്ട്. ദുഷ്ടാത്മാക്കൾ സിജ്ജീനിലേക്ക് ആപതിക്കുകയും അധോലോകത്തിന്റെ ഭാഗമായി പീഢനങ്ങളനുഭവിക്കുകയും ചെയ്യുന്നുവെന്നും പ്രമാണങ്ങൾ വ്യക്തമാക്കുന്നു.


'ഭൗതികലോകത്തെ നിയന്ത്രിക്കുന്ന തിരുസത്തകൾ' എന്ന് അല്ലാഹു പറഞ്ഞതു(فالمدبرات امرا)കൊണ്ടുദ്ദേശ്യം മനുഷ്യാത്മാക്കളാണെന്നും തഫ്സീറുണ്ട്. ഈ തഫ്സീറിനെ സമർത്ഥിച്ചു കൊണ്ട് ഇമാം റാസി(റ) കുറിക്കുന്നു:


"ജഢിക ബന്ധങ്ങളിൽ നിന്ന് മുക്തമായ-ഭൗതികശരീരത്തിന്റെ ഇരുട്ടിൽ നിന്നു പുറപ്പെട്ട ശേഷം ഉപരിലോകത്തോട് ചേരാൻ കൊതിച്ചുകൊണ്ടിരിക്കുന്ന മനുഷ്യാത്മാക്കൾ മലക്കുകളുടെ ലോകത്തേക്കും വിശുദ്ധ പദവികളിലേക്കും അതീവ സുഖത്തോടെ വളരെ പെട്ടെന്ന് ചെന്നെത്തുന്നതാണ്. ഈ രൂപത്തിലുള്ള യാത്രയാണ് والسابحات എന്നതിലെ നീന്തൽ കൊണ്ടുദ്ദേശ്യം. ഇതേ ആത്മാക്കൾ ഭൗതികലോകത്തോടുള്ള വിരക്തിയിലും ഉപരിലോകത്തോട് ചേരാനുള്ള ഇഷ്ടത്തിലും വ്യത്യസ്ത പദവികളിലാണ്. ഈയവസ്ഥകളിൽ സമ്പൂർണ്ണമായിട്ടുള്ളവ മലക്കുകളുടെ ലോകത്തേക്കുള്ള പ്രയാണത്തിൽ മത്സരിച്ചു മുന്നേറും. ദുർബ്ബലസ്ഥാനത്തുള്ളതിന്റെ പ്രയാണം ഭാരമേറിയതും പിന്നിലുമാകും. മുന്നേറുന്ന ആത്മാക്കളാണ് ഏറ്റം മഹത്വമുള്ളതെന്നതു കൊണ്ടാണ് والسابقات سبقا-മുന്നേറുന്ന ആത്മാക്കൾ എന്ന് അല്ലാഹു സത്യം ചെയ്തത്. ഈ പരിശുദ്ധ മഹാത്മാക്കളുടെ ശേഷിയും സ്ഥാനവും മൂലം ഭൗതികലോകത്തിന്റെ സ്ഥിതിഗതികളിൽ അവയ്ക്ക് പലതരം സ്വാധീനങ്ങളുണ്ടെന്നത് തീർച്ചയാണ്. ഇതാണ് فالمدبرات امرا-കാര്യങ്ങൾ നിയന്ത്രിക്കുന്ന ആത്മാക്കൾ എന്നതു കൊണ്ടുദ്ദേശ്യം...


(തഫ്സീറുൽ കബീർ 31-31)


*[പുസ്തകം: വഹ്ഹാബിസം ഭാഗം-1]*

No comments:

Post a Comment

ലൈലതുൽ മൗലിദ്; പരിഗണിക്കേണ്ട രാവ്.

 ✍️ അഷ്റഫ് സഖാഫി പള്ളിപ്പുറം ലൈലതുൽ മൗലിദ്; പരിഗണിക്കേണ്ട രാവ്. തിരുനബി(സ്വ) തങ്ങളുടെ പിറവി കൊണ്ട് അനുഗ്രഹീതമായ രാവാണ് വരുന്നത്. അന്നേ ദിവസം...