Thursday, May 9, 2024

സമ്പത്ത് വിലായത്തിന് തടസമോ

 സമ്പത്ത് വിലായത്തിന് തടസമോ?

================================

ശഅ്റാനി (റ) വീണ്ടും എഴുതുന്നു: “വളരെ വിലപിടിപ്പുള്ള വാഹനങ്ങളിൽ സഞ്ചരിക്കുക. ഐഹികാടംബരക്കാരുടെ വസ്ത്രങ്ങൾ ധരിക്കുക. തുടങ്ങിയ സുഖ ജീവിതങ്ങൾ ഉലമാഇലും സ്വാലിഹീങ്ങളിലും എനിക്കു ദൃശ്യമയാൽ അത്‌ വിമർശിക്കാതിരിക്കുകയെന്നത്‌ അല്ലാഹു എനിക്ക്‌ നൽകിയ അനുഗ്രഹത്തിൽ പെട്ടതാണ്‌. അപ്പറഞ്ഞ കാര്യങ്ങൾ ശർഇൽ അനുവദനീയമാണെന്നതാണ്‌ കാരണം. അത്‌ കൊണ്ട്‌ അതിനെ വിമർശിക്കുന്നവർ ഒരു പക്ഷെ, പിഴവു സംഭവിച്ച പാമരനോ അല്ലെങ്കിൽ കോപിക്കപ്പെട്ട അസൂയാലുവോ ആണ്‌. ഉപര്യുക്ത വസ്ത്രങ്ങൾ ധരിക്കുന്നവൻ തന്റെ യജമാനന്റെ സമ്പത്തിൽ അവന്റെ അനുമതിപ്രകാരം സുഖിക്കുകയാണ്‌. അസൂയാലു അല്ലാഹുവിന്റെ അനുഗ്രഹം തടയപ്പെട്ടവനും ദുർമ്മാർഗ്ഗിയുമാണ്‌. മാത്രവുമല്ല എളിമത്തവും താഴ്മയുമുള്ള ചില അടിമകൾ അല്ലാഹുവിനുണ്ട്‌. അഹങ്കാരികളായ സമ്പന്നരുടെ ആകൃതിയിലാണവർ.ഐഹികവും പാരത്രികവുമായ രണ്ടു ഗുണങ്ങളും അല്ലാഹു അവരിൽ സന്വയിപ്പിച്ചിരിക്കുന്നു. അശ്ശൈഖ്‌ അബ്ദുൽ ഖാദിരിൽ ജീലി, സയ്യിദീ അലിയ്യുബ്നുൽ വഫാ, സയ്യിദീ മദ്‌യൻ, അബൂ ഹസനിൽ ബക്‌രി, സയ്യിദീ മുഹമ്മദ്‌ (റ:ഹും) തുടങ്ങിയവർ ഈ ഗുണത്തി ചിലരത്രെ.” അൽ മിനനുൽ കുബ്‌റാ: പേജ്‌ 319(90)


ചുരുക്കത്തിൽ രാജാധികാരവും സമ്പത്തും നൽകിയ യൂസുഫ്‌ (അ) ,ദാവൂദ്‌ നബി (അ), ലോകം അടക്കി ഭരിച്ച സുലൈമാൻ നബി (അ) തുടങ്ങിയവർക്കുള്ള നുബുവ്വത്ത്‌ പതവിക്ക്‌ അധികാരവും സമ്പത്തും ന്യൂനതയാവാത്തത്‌ പോലെ അല്ലാഹുവിന്റെ ഔലിയാക്കളായ ഉലമാ ഇന്റെയും സ്വാലിഹീങ്ങളുടേയും വിലായത്തിനും പ്രസ്തുത കാര്യങ്ങൾ ന്യൂനതയാവുന്നില്ല. 


‘അല്ലാഹുവെ എന്നെ മിസ്കീനാക്കി ജീവിപ്പിക്കുകയും മിസ്കീനാക്കി മരിപ്പിക്കുകയും മിസ്കീൻ മാരുരുടെ കൂട്ടത്തിൽ യാത്രയാക്കുകയും ചെയ്യണെ ’ എന്ന് നബി (സ്വ) ദു ആ ചെയ്തതായി ഇമാം തുർമ്മുദി (റ) യും മറ്റും നിവേദനം ചെയ്ത ഹദീസ്‌ മേൽ പറഞ്ഞ വിശദീകരണത്തിന്‌ പ്രതികൂലമല്ലേ? എന്ന് ചോദിച്ചേക്കാം. മറുപടി ഇപ്രകാരമാണ്‌. സകാത്തവകാശികളിൽ രണ്ടാം വിഭാകമായി ഖുർആൻ പരാമർശിച്ച മിസ്കീൻ മാർ (ലഭിക്കുന്ന വരുമാനം ആവശ്യമായ ചെലവിനെ അപേക്ഷിച്ച്‌ മതിയാവാത്തവർ) അല്ല ഹദീസിൽ പറഞ്ഞ മിസ്കീൻ കൊണ്ട്‌ ഉദ്ധേശിക്കുന്നത്‌. പ്രത്യുത വിനയാന്വിതരും ശാന്തരും താഴ്മ പ്രകടിപ്പിക്കുന്നവരും എന്നർത്ഥത്തിലുള്ള മിസ്കീന്മാരാണ്‌. 


ഇബ്‌നു ഹജർ (റ) തുഹ്ഫ വാള്യം 7 പേജ്‌ 154 ൽ ഇപ്രകാരം പ്രസ്താവിച്ചു. “നിശ്ചയം ഈ ഹദീസ്‌ ബലഹീനമാകുന്നു. മാത്രമല്ല; ‘മസ്കനത്തിൽ’ (അഗതിത്വത്തിൽ) നിന്ന് നബി (സ്വ) അല്ലാഹുവിനോട്‌ കാവൽ ചോദിച്ചുവെന്ന് റിപ്പോർട്ട്‌ ചെയ്യപ്പെട്ട ഹദീസ്‌ മേൽ പറഞ്ഞ ഹദീസിന്‌ എതിരായി വരുന്നുമുണ്ട്‌. അപ്പോൾ ദു ആയിൽ പരാമർശിച്ച മസ്കനത്ത്‌ കൊണ്ട്‌ വിവക്ഷ മന:ശ്ശാന്തി എന്നാക്കണമെന്ന് വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്‌. ശൈഖുൽ ഇസ്ലാം സകരിയ്യ (റ) മേൽ ഹദീസിനെ ഇങ്ങനെയാണ്‌ വ്യാഖ്യാനിക്കുന്നത്‌. വിനയവും താഴ്മയും ഉള്ളവനാക്കണമെന്നും അഹങ്കാരികളായ കിങ്കരന്മാരിലോ പൊങ്ങച്ചം കൊള്ളുന്ന ധനാഢ്യരിലോ പെട്ടവനാക്കരുതെന്നും അല്ലാഹുവിനോട്‌ അപേക്ഷിക്കുകയാണ്‌ ഹദീസ്‌ കൊണ്ട്‌ ഉദ്ധേശ്യം.

ഇജ്ലൂനി (റ) യുടെ കശ്ഫുൾ ഖഫാ അ് വാള്യം 1 പേജ്‌ 181 കാണുക. 


ഇത്രയും എഴുതിയത്‌ അതികാരികൾക്കും സമ്പന്നർക്കും വിലായത്ത്‌ പദവി വെച്ച്‌ കൊടുക്കാനല്ല. മറിച്ച്‌; അല്ലാഹു ഇവ കനിഞ്ഞേകി എന്ന കാരണം കൊണ്ട്‌ അവരെ വിമർശിക്കുകയും അവഹേളിക്കുകയും ചെയ്യുകയും വൃത്തി ഹീനരായും പ്രച്ഛന്ന വേഷം ധരിച്ചും ഗോഷ്ടികൾ കാണിച്ചും വിലായത്ത്‌ പരസ്യപ്പെടുത്തുന്നവർക്ക്‌ ഔലിയാ പട്ടം നൽകുകയും ചെയ്യുന്ന ഇന്നത്തെ ചിലരുടെ സമീപന രീതി മൗഢ്യവും അജ്ഞതയുമാണെന്നു വായനക്കാരെ ബോധ്യപ്പെടുത്തുന്നതിന്ന് വേണ്ടിയാണ്‌.

No comments:

Post a Comment

ദൈവവിശ്വാസ പരിണാമങ്ങൾ 20` *അൽമനാർ;* *വ്യാഖ്യാന നിഷേധവും* *വ്യാഖ്യാനവും*

 https://www.facebook.com/share/p/17xbTRfNok/ 1️⃣6️⃣7️⃣ മുജാഹിദ് പ്രസ്ഥാനം  ഒരു സമഗ്ര പഠനം  ✍️aslam saquafi payyoli  ➖➖➖➖➖➖➖➖➖➖➖ `ദൈവവിശ്വാസ...