Monday, May 6, 2024

ബറക്കത്ത് എടുക്കാൻ സിയറത്ത്

 ✅ *പ്രശ്നോത്തരം* ✅


*സിയാറത്തിന്റെ നേട്ടങ്ങൾ*

*** *** ***

❓ _പ്രശ്‌'നം: അമ്പിയാക്കൾ, ഔലിയാക്കൾ തുടങ്ങിയവരുടെ ഖബർ സിയാറത്ത്‌ ചെയ്യുന്നതിൽ വല്ല പ്രത്യേകതകളും ഉണ്ടോ? എല്ലാ ഖബ്‌ർ സിയാറത്തുകളും ആദ്യം തടയപ്പെട്ടിരുന്നതല്ലേ? ഒരു പാട്‌ അമ്പിയാക്കളുടെ ഖബ്‌ർ ഉള്ള സ്ഥലമാണല്ലോ ശാം, ഫലസ്തീൻ. ഇവിടങ്ങളിൽ പോലും സിയാറത്ത്‌ ചെയ്യുവാൻ ഒരു പ്രോത്സാഹനവും നൽകാത്ത നബി പിന്നീട്‌ ഖബ്‌ർ സിയാറത്ത്‌ ചെയ്യുവാൻ അനുവാദം നൽകിയതിനു കാരണം മരണത്തെ ഓർക്കലല്ലേ?_


_ചില സ്ഥലങ്ങളിൽ വെള്ളിയാഴ്ച്ച രാവിലും തിങ്കളാഴ്ച്ച രാവിലും സ്‌'ത്രീകൾ ഉൾപ്പെടെയുള്ളവർ നേർച്ചയായും അല്ലാതെയും ധാരാളമായി മഹാന്മാരുടെ ഖബ്‌ർ സിയാറത്ത്‌ ചെയ്യൽ പതിവുണ്ടല്ലോ. ഇത്‌ ഏതടിസ്ഥാനത്തിലാണ്‌? ഒരു വിശദീകരണം പ്രതീക്ഷിക്കുന്നു._


✔ ഉത്തരം: അമ്പിയാക്കൾ ഔലിയാക്കൾ തുടങ്ങിയവരുടെ ഖബ്‌ർ സിയാറത്ത്‌ ചെയ്യുന്നതിൽ പ്രത്യേകതയുണ്ട്‌. ആ മഹാത്മാക്കളുടെ പാരത്രിക സഹായം അവരെ സിയാറത്ത്‌ ചെയ്യുന്നവർക്ക്‌ ലഭ്യമാകും. ഇതാണ്‌ പ്രത്യേകത. ഭാഗ്യ ദോഷികളായ ഗുണംകെട്ടവരല്ലാതെ ഇത്‌ നിഷേധിക്കുകയില്ല. തുഹ്ഫ 3-201.


എല്ലാ ഖബ്‌ർ സിയാറത്തുകളും ഇസ്ലാമിന്റെ പ്രാരംഭ കാലത്ത്‌ തടയപ്പെട്ടിരുന്നത്‌ ശരിയാണ്‌. അനിസ്ലാമിക വിശ്വാസങ്ങളിൽ നിന്നും ആചാരങ്ങളിൽ നിന്നും പുതുതായി കടന്നുവന്നിരുന്നവരാകയാൽ അക്കാലത്തെ പതിവനുസരിച്ചുള്ള അരുതായ്മകൾ സിയാറത്ത്‌ വേളയിൽ വന്ന് കൂടാനിടയുള്ളത്‌ കൊണ്ടാണ്‌ അന്നത്‌ തടയപ്പെട്ടിരുന്നത്‌. പിന്നീട്‌ ഇസ്ലാമിക വിശ്വാസങ്ങളും ആചാരങ്ങളുമെല്ലാം സുദൃഢവും സ്ഥിരീകൃതവുമായപ്പോൾ ആ വിലക്ക്‌ നീക്കപ്പെടുകയും സിയാറത്ത്‌ ചെയ്യാൻ നിർദ്ധേശിക്കപ്പെടുകയുമാണുണ്ടായത്‌. തുഹ്ഫ 3-199.


ശാമിലെ ബൈതുൽ മുഖദ്ദസും പരിസരവും നിരവധി അമ്പിയാക്കളുടെ ഖബറുകളുള്ള സ്ഥലമായിരുന്നെങ്കിലും നബി (സ) യുടെ ജീവിത കാലത്ത്‌ സഹാബത്തിന്‌ അങ്ങോട്ട്‌ പോകുന്നതിനേക്കാൾ അനിവാര്യവും ബാദ്ധ്യതയും നബിയോടൊപ്പം മദീനത്ത്‌ ജീവിച്ച്‌ ദീൻ പഠിക്കുകയും വരും തലമുറക്ക്‌ അത്‌ പകർന്ന് നൽകുവാൻ സജ്ജരാവുകയുമായിരുന്നു. ഇതിനിടയിലും മദീനത്തും പരിസരത്തും ലഭിക്കുന്ന പുണ്യമാർന്ന സിയാറത്തുകൾ നിർവ്വഹിച്ച്‌ കൊണ്ട്‌ തന്നെ നബി (സ) തങ്ങൾ അവർക്ക്‌ മാതൃകയാവുകയും പ്രോത്സാഹനം നൽകുകയും ചെയ്തിരുന്നത്‌ സുവിദിതമാണ്‌. ഉഹ്ദ്‌ ശുഹദാക്കളെ നബി (സ) തങ്ങൾ എല്ലാ ശനിയാഴ്ചയും സിയാറത്ത്‌ ചെയ്യാനായി യാത്ര ചെയ്തിരുന്നത്‌ പ്രസിദ്ധ ചരിത്രമാണ്‌.


താങ്കൾ ധരിച്ചത്‌ പോലെ എല്ലാ ഖബ്‌ർ സിയാറത്തിലും ഉള്ളടങ്ങിയിട്ടുള്ളത്‌ മരണത്തെ ഓർക്കൽ മാത്രമല്ല. ഇതേ കാരണത്തിന്റെ അടിസ്ഥാനത്തിൽ മാത്രമല്ല നബി (സ) സിയാറത്തിനു നിർദ്ധേശം നൽകിയിട്ടുള്ളതും. മുസ്ലിം-അമുസ്ലിം ഭേദമില്ലാതെ, പരിചിതരും അല്ലാത്തവരുമെന്ന വ്യത്യാസമില്ലാതെ ഏത്‌ ഖബറുകളെ സിയാറത്ത്‌ ചെയ്യുന്നതിലും എപ്പോൾ സിയാറത്ത്‌ ചെയ്യുന്നതിലുമുള്ള ഒരു നേട്ടം മാത്രമാണത്‌. സിയാറത്തിനെ വിലക്കുമ്പോളും പിന്നീട്‌ ആ വിലക്ക്‌ നീക്കുമ്പോളും നബി (സ) യുടെ സഹാബാക്കൾക്ക്‌ സിയാറത്ത്‌ ചെയ്യാനുണ്ടായിരുന്ന കൂടുതൽ ഖബ്‌റുകളും അനിസ്ലാമിക കാലത്ത്‌ മരണപ്പെട്ട അവരുടെ ബന്ധുക്കളുടേതായിരുന്നു. ആ ഖബ്‌റുകൾക്ക്‌ കൂടി ബാധകമാവുന്ന നേട്ടമായാണു 'പരലോക ചിന്ത ജനിപ്പിക്കുക' 'മരണത്തെ ഓർക്കുക' എന്നീ കാരണങ്ങൾ നബി (സ) വ്യക്തമാക്കിയത്‌.


ഇമാം മുസ്ലിം നിവേദനം ചെയ്ത 'ഫ ഇന്നഹാ തുദക്കിറുകുമുൽ മൗത്ത' എന്ന പ്രയോഗമുള്ള ഹദീസിന്റെ ചില റിപ്പോർട്ടുകൾ ഇത്‌ പഠിക്കുന്നുണ്ട്‌. (സ്വഹീഹു മുസ്ലിം 1-314). അതേ സമയം, മുസ്ലിംകളുടെ ഖബ്‌റുകൾ സിയാറത്ത്‌ ചെയ്യുന്നതിൽ വേറെയും പല നേട്ടങ്ങളുമുണ്ട്‌. ഇമാം ഇബ്നു ഹജർ തന്റെ ഈആബിൽ വ്യക്തമാക്കിയത്‌ കാണുക. "ഖബ്‌ർ സിയാറത്തിന്റെ നേട്ടങ്ങളെ വിലയിരുത്തുമ്പോൾ സിയാറത്ത്‌ പല വിധമായി തരം തിരിക്കാം: (എ) മരണത്തെ ഓർക്കുക, പരലോക ചിന്ത ജനിപ്പിക്കുക എന്ന ലക്ഷ്യത്തിനു മാത്രമുള്ളത്‌. ഇതിന്‌ ഏത്‌ ഖബ്‌റുകളെ കണ്ടാലും മതിയാകുന്നതാണ്‌. അവരാരെന്നോ അവരുടെ നിലയെന്തെന്നോ അറിയേണ്ടതില്ല. (ബി) ഖബ്‌റാളികൾക്ക്‌ പ്രാർത്ഥനക്ക്‌ വേണ്ടിയുള്ളത്‌. ഏത്‌ മുസ്ലിമിന്റെ ഖബ്‌റും ഇതിന്നായി സിയാറത്ത്‌ ചെയ്യൽ സുന്നത്താണ്‌. (സി) ഖബ്‌റാളികളുടെ ബറകത്ത്‌ ലഭ്യമാകുന്നതിനുള്ളത്‌. സദ്‌'വൃത്തരായ മഹാത്മാക്കളുടെ ഖബ്‌റുകൾ ഇതിനായി സിയാറത്ത്‌ ചെയ്യൽ സുന്നത്താണ്‌. കാരണം ആ മഹാത്മാക്കളുടെ ബർസഖീ ജീവിതത്തിൽ അവർക്ക്‌ എണ്ണിയാലൊടുങ്ങാത്ത കൈകാര്യാധികാരങ്ങളും ബറകത്തുകളുമുണ്ട്‌. (ഡി) ജീവിത കാലത്ത്‌ കടപ്പെട്ടവരുടെ കടമ നിർവ്വഹിക്കാൻ വേണ്ടിയുള്ളത്‌. മാതാ പിതാക്കൾ പോലുള്ള ബന്ധുക്കളും ഉറ്റ ചങ്ങാതിമാരുമെല്ലാം ഇതിൽ പെടും. (ഇ) ഖബ്‌റാളിയെ സന്തോഷിപ്പിക്കുന്നതിനും ഖബ്‌റാളിയോട്‌ കാരുണ്യം വർഷിക്കുന്നതിനും വേണ്ടിയുള്ളത്‌. 'ഒരു മയ്യിത്തിനു തന്റെ ഖബ്‌റിൽ ഏറ്റവും സന്തോഷമുണ്ടാകുന്ന സമയം തന്നെ ദുൻയാവിൽ വച്ചു സ്നേഹിച്ചിരുന്നവർ വന്നു കാണുമ്പോളാണെ'ന്ന ഹദീസ്‌ ഈ ലക്ഷ്യത്തെയാണു ചൂണ്ടിക്കാട്ടുന്നത്‌." ശർവാനി 3-200.


വെള്ളിയാഴ്ച പോലുള്ള ചില പ്രത്യേക സമയങ്ങളിൽ മരണപ്പെട്ടവരുടെ ആത്മാക്കൾക്ക്‌ അവരുടെ ഖബ്‌റുകളുമായി ചില പ്രത്യേക ബന്ധങ്ങൾ ഉണ്ട്‌. വ്യാഴാഴ്ച അസ്വ്‌ർ മുതൽ ശനിയാഴ്ച സൂര്യാസ്തമയം വരെ ഇങ്ങനെ ആത്മാക്കൾ ഖബ്‌റിങ്കൽ ഹാജരാകുന്നതായി വന്നിട്ടുണ്ട്‌. ഇത്‌ കൊണ്ടാകാം വെള്ളിയാഴ്ച പലരും സവിശേഷമായി സിയാറത്ത്‌ ചെയ്യുന്നത്‌. ഹാശിയത്തുശബ്‌റാമല്ലിസി 3-36. വെള്ളിയാഴ്ച രാവും പകലും ശനിയാഴ്ച രാവിലെയും സിയാറത്ത്‌ സുന്നത്താണെന്ന് ഇമാം ഖുർത്വുബിയും മറ്റും പ്രസ്താവിച്ചിട്ടുണ്ട്‌. ഫതാവൽ കുബ്‌'റാ നോക്കുക. മഹാന്മാരുടെ ഖബ്‌റുകൾ സിയാറത്ത്‌ ചെയ്യൽ പുരുഷന്മാർക്കെന്ന പോലെ സ്ത്രീകൾക്കും സുന്നത്താണ്‌. പക്ഷേ, അവർ പുറത്തിറങ്ങുമ്പോൾ പാലിച്ചിരിക്കേണ്ട എല്ലാത്തരം ചിട്ടയും പാലിച്ചിരിക്കണമെന്ന് മാത്രം തുഹ്ഫ 3-201. സുന്നത്തായ കാര്യങ്ങൾ നേർച്ചയാക്കാമല്ലോ. പ്രശ്നത്തിലുന്നയിച്ച വെള്ളിയാഴ്ച രാവിലും മറ്റും മഹാന്മാരുടെ ഖബ്‌ർ സിയാറത്ത്‌ ധാരാളമായി നടക്കുന്നത്‌ ഈ വക അടിസ്ഥാനത്തിലാണ്‌.


(മൗലാനാ നജീബുസ്താദിന്റെ പ്രശ്നോത്തരം ഭാഗം: 2, പേജ്: 193-195)


*അഹിബ്ബാഉ മൗലാനാ വാട്സ് ആപ്പ് ഗ്രൂപ്പ്*.

🌷🌷🌷

No comments:

Post a Comment

മുജാഹിദ് പ്രസ്ഥാനം;* *കുണ്ടുതോട് വ്യവസ്ഥക്ക്* *മുമ്പും ശേഷവും*

 https://www.facebook.com/share/p/uJ2DidVAW7WXhzXM/?mibextid=oFDknk *മുജാഹിദ് പ്രസ്ഥാനം;* *കുണ്ടുതോട് വ്യവസ്ഥക്ക്* *മുമ്പും ശേഷവും* ➖➖➖➖➖➖➖➖...