Saturday, May 4, 2024

മുത്ത്നബി ﷺ🌹തങ്ങളെക്കുറിച്ച്

 *മുത്ത്നബി ﷺ🌹തങ്ങളെക്കുറിച്ച്*

Dr. മുഹമ്മദ്‌ ഫാറൂഖ് നഈമി ഉസ്താദ്  എഴുതുന്നു✍️


🌹Tweet 689🌹


ഗ്രാമീണനായ ഒരു അറബി നബിﷺയുടെ അടുക്കൽ വന്നു. സംസാരത്തിനിടെ നബിﷺയോട് ചോദിച്ചു. സ്വർഗ്ഗത്തിലെ നമ്മുടെ പുടവകൾ നാം തന്നെ കൈകൊണ്ടു തുന്നേണ്ടതുണ്ടോ അതല്ല സ്വർഗീയ വൃക്ഷത്തിൽ നിന്നെടുക്കുകയാണോ ചെയ്യേണ്ടത്? ചോദ്യം കേട്ട് സദസ്സിൽ ഉള്ളവരെല്ലാം ചിരിച്ചു. ഉടനെ അദ്ദേഹം ചോദിച്ചു. എന്തിനാണ് ചിരിക്കുന്നത്? അറിവില്ലാത്തവർ അറിവുള്ളവരോട് ചോദിക്കുകയല്ലേ വേണ്ടത്? ഉടനെ നബിﷺ ഇടപെട്ടു. അല്ലയോ അഅ്റാബി നിങ്ങൾ പറഞ്ഞതാണ് ശരി. അഥവാ അറിവില്ലാത്തവർ അറിവുള്ളവരോട് ചോദിച്ചു മനസ്സിലാക്കുകയാണല്ലോ വേണ്ടത്. സ്വർഗ്ഗത്തിലെ വസ്ത്രം അവിടുത്തെ മരത്തിൽ നിന്ന് സ്വീകരിക്കലാണ്.


        എത്ര വേഗമാണ് തിരുനബിﷺ ഇരയുടെ പക്ഷത്ത് ചേർന്നത്. അപരവത്കരിക്കപ്പെടുകയും വേദനിക്കുകയും ചെയ്യുന്ന ആളുകളോടൊപ്പം ചേർന്നുനിന്ന് ചേർത്തുപിടിക്കുക എന്ന മനോഹരമായ രംഗമാണ് തിരുനബിﷺ ഇവിടെ സൃഷ്ടിച്ചത്. ഹൃദയത്തിൽ നന്മ നിറയുകയും സ്വഭാവത്തിൽ പൂർണ്ണമായി അത് പ്രകാശിക്കുകയും ചെയ്തവർക്കേ ഇത് സാധിക്കുകയുള്ളൂ.


         മഹതി ആഇശ(റ) നിവേദനം ചെയ്യുന്ന ഒരു  സന്ദർഭം ഇങ്ങനെ വായിക്കാം. ഒരിക്കൽ ഒരു സംഘം ജൂതന്മാർ നബിﷺയുടെ സമക്ഷത്തിലേക്ക് വന്നു. അസ്സാമു അലൈക്ക എന്നായിരുന്നു അവർ അഭിവാദ്യം ചെയ്തത്. അവിടുത്തേക്ക് രക്ഷ ഉണ്ടാവട്ടെ എന്ന് അർത്ഥം വരുന്ന അസ്സലാമു അലൈക്കും എന്നതിന് പകരം, അങ്ങേക്ക് നാശം ഉണ്ടാകട്ടെ എന്ന് അർത്ഥം വരുന്ന പ്രയോഗമാണ് അവർ നടത്തിയത്. വഅലൈക്കും എന്ന് മാത്രം തിരുനബിﷺ അവരോട് പ്രതികരിച്ചു. അഭിവാദ്യത്തിന്റെ ആശയം ശ്രദ്ധിച്ച ആഇശ(റ) അവരോട് പറഞ്ഞു. നിങ്ങൾക്ക് നാശം ഉണ്ടാകട്ടെ. ഉടനെ തിരുനബിﷺ  ഇടപെട്ടു പറഞ്ഞു. ശാന്തമാകൂ ആഇശാ(റ). എല്ലാക്കാര്യത്തിലും മൃതു സമീപനമാണ് അല്ലാഹു ഇഷ്ടപ്പെടുന്നത്. അപ്പോൾ ആഇശ(റ) ചോദിച്ചു. അല്ലയോ അല്ലാഹുവിന്റെ ദൂതരെﷺ അവർ പറഞ്ഞത് അവിടുന്ന് കേട്ടില്ലേ! അതേ കേട്ടുവല്ലോ. അതുകൊണ്ടാണല്ലോ ഞാൻ നിങ്ങൾക്കും എന്ന് മാത്രം അർത്ഥമുള്ള വഅലൈക്കുമെന്ന് പറഞ്ഞത്.


          വഞ്ചനാപൂർവ്വം വന്ന് ശാപ പ്രാർത്ഥന നടത്തുമ്പോഴും അതിശാന്തമായി അതിനെ അഭിമുഖീകരിക്കുകയും അതിവിദഗ്ധമായി പ്രതിരോധിക്കുകയും ചെയ്യുന്ന ശോഭനമായ ഒരു കാഴ്ചയാണ് നാം ഇവിടെ കണ്ടത്. ഭർത്താവും പ്രവാചകനുമായ തിരുനബിﷺയെ പരസ്യമായി ശാപപ്രാർത്ഥന നടത്തുമ്പോൾ സ്വാഭാവികമായും പത്നിക്ക് വേദനിക്കും. ആ മനോവിചാരം അറിഞ്ഞപ്പോഴും ശാന്തതയോടു കൂടി പെരുമാറാൻ തിരുനബിﷺ പഠിപ്പിക്കുന്നു.  സൗമ്യതയുടെയും സഹിഷ്ണുതയുടെയും എത്ര മനോഹരമായ അധ്യാപനമാണ് പ്രിയ പത്നിക്ക് തിരുനബിﷺ പകർന്നുകൊടുത്തത്.


           അല്ലാഹുവിന്റെ ഏറ്റവും ഉത്തമസൃഷ്ടിയും, പ്രവാചകന്മാരുടെ മുഴുവനും നേതാവുമായ തിരുനബിﷺ അനുയായികൾക്കോ സാധാരണക്കാർക്കോ പ്രാപ്യമല്ലാത്ത ഒരു ലോകത്തല്ല കഴിഞ്ഞത്. പ്രിയപ്പെട്ട മൂന്നാം ഖലീഫ ഉസ്മാനി(റ)ന്റെ പ്രഭാഷണത്തിൽ അത് പരാമർശിക്കുന്നത് ഇങ്ങനെയാണ്. നാട്ടിലും യാത്രയിലും ഞങ്ങൾ പ്രവാചകരോﷺടൊപ്പം സഹവസിച്ചു. ഞങ്ങളിൽ രോഗികളെ അവിടുന്ന് സന്ദർശിച്ചു. ഞങ്ങളോടൊപ്പം ഇല്ലായ്മയിലും സമ്പന്നതയിലും കൂടെ നിന്നു. ഞങ്ങളിൽ ആരെങ്കിലും മരണപ്പെട്ടാൽ അനന്തര ചടങ്ങുകൾക്ക് തിരുനബിﷺയും ഒപ്പമുണ്ടായിരുന്നു. ഞങ്ങളോടൊപ്പം അവിടുന്ന് ഭക്ഷണം കഴിക്കുമായിരുന്നു.


          അത്യുത്തമരായ വ്യക്തിവിശേഷത്തിന്റെ സ്വഭാവമാഹാത്മ്യത്തെ വളരെ ലളിതമായി അടയാളപ്പെടുത്തുകയാണിവിടെ. തിരുനബിﷺ ആരോടും മുഖം തിരിച്ചു കളഞ്ഞില്ല. ആരും നീട്ടിയ കരങ്ങൾ അവഗണിച്ചില്ല. ആരെയും അവഗണിച്ച് പിന്നോട്ടാക്കാൻ ശ്രമിച്ചില്ല. എല്ലാവരെയും ചേർത്തു പിടിക്കാനും നന്മയിലേക്ക് ഒപ്പം നയിക്കാനുമായിരുന്നു അവിടുത്തെ ശ്രമങ്ങൾ മുഴുവനും. ഒരു സദസ്സിൽ എല്ലാവരെയും പിന്നോട്ടാക്കി മുന്നോട്ടിരിക്കണം എന്ന പ്രത്യേക താൽപര്യങ്ങൾ ഒന്നും നബിﷺക്കുണ്ടായിരുന്നില്ല. നബിﷺയുടെ സ്ഥാന പദവികൾ അറിഞ്ഞും അനുസരിച്ചും അനുയായികൾ ആദരവുകൾ കൽപ്പിച്ചപ്പോഴും എത്രയോ വിനയപുരസ്സരമായിരുന്നു അവിടുന്ന് സ്വീകരിച്ചിരുന്നത്.


اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ🌹  


(തുടരും)✍️

ഡോ. മുഹമ്മദ്‌ ഫാറൂഖ് നഈമി അൽ ബുഖാരി.


#History of Prophet(S)🌹

#MahabbaCampaign

#TaybaCenter

#FarooqNaeemi

#Tweet.689

No comments:

Post a Comment

മരണവീട്ടിലെ സ്വദഖയായി നൽകുന്ന ഭക്ഷണ വിതരണവും പത്ത് കിതാബും മറ്റു ഫിഖ്ഹ് ഗ്രന്ഥങ്ങളും എത്രിത്തിട്ടുണ്ടോ ?

 അടിയന്തിരത്തിന്റെ പ്രമാണങ്ങൾ ചങ്ങലീരി  മൗലവിയുടെ തട്ടിപ്പുകൾ ഭാഗം. 4 - .................. പത്ത് കിത്താബും  സുന്നി ആചാരങ്ങളും മരണവീട്ടിലെ സ്...