https://m.facebook.com/story.php?story_fbid=pfbid02fyGytJmtTFxjZLAV2WazdTAgBoMu9xTJoUNfF6L1131FrZaUPGonjCUat1o3dimHl&id=100024345712315&mibextid=9R9pXO
*പൂനൂർ സംവാദത്തിൽ നിന്നും*
*മൗലവിമാർ പഠിച്ച പാഠം*
➖➖➖➖➖➖➖➖➖➖➖➖
മുജാഹിദ് പ്രസ്ഥാനം
ഒരു സമഗ്ര പഠനം 104/313
✍️ Aslam saquafi payyoli
അടിസ്ഥാന വിവരങ്ങൾ നഷ്ടപ്പെടുമ്പോഴാണ് ഒരാൾ വഹാബിയാകുന്നതെന്ന വസ്തുത പൂനൂർ സംവാദത്തിലെ അലവി മൗലവിയുടെ ചോദ്യത്തിൽ നിന്നും നമുക്ക് ബോധ്യപ്പെടും.
പുളിക്കൽ മുജാഹിദ് സ്ഥാപനമായ ജാമിഅ: സലഫിയ: പുറത്തിറക്കിയ പൂനൂർ സംവാദം എന്ന കൃതിയിൽ നിന്ന് അലവി മൗലവിയുടെ ചോദ്യം ഇങ്ങനെ വായിക്കാം :
"മുഹിയുദ്ദീൻ ശൈഖേ രക്ഷിക്കണേ, ബദരീങ്ങളേ കാക്കണേ... എന്നിങ്ങനെ മരിച്ചുപോയ മഹാത്മാക്കളോട് സഹായത്തിന്നപേക്ഷിക്കുക എന്ന ഇസ്തിഗാസ അനുവദനീയമാണെന്നതിന് വല്ല ആയത്തുകളും തെളിയിക്കാമോ?"
(പേജ്: 33 )
അനുവദനീയമായ ഒരു കാര്യത്തിന് സാധാരണ കാര്യബോധമുള്ള ഒരാളും രേഖ ചോദിക്കാറില്ല. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി വലിയ ഒരു ചോദ്യം എന്ന നിലക്ക് മൗലവി ഇത് ചോദിച്ചു. പതി ഉസ്താദ് ഉടൻ തന്നെ ഇങ്ങനെ മറുപടി നൽകി:
"മരിച്ചുപോയ മഹാത്മാക്കളോട് സഹായത്തിന്നപേക്ഷിക്കുക എന്ന ഇസ്തിഗാസയെ വിരോധിക്കുന്ന യാതൊരു ആയത്തും വന്നിട്ടില്ലാത്തതിനാൽ ഇസ്തിഗാസ പരിശുദ്ധ ഖുർആനിന്റെ ദൃഷ്ടിക്ക് അനുവദനീയം തന്നെ. ഇസ്തിഗാസ ശിർക്കാണെന്ന് ഖുർആനിൽ നിന്ന് വല്ല ആയത്തും തെളിവായി തരാമോ ?"
(പൂനൂരിലെ വാദപ്രതിവാദം
പുളിക്കൽ ജാമിഅ: സലഫിയ:
പേജ് : 33 )
പതി ഉസ്താദിന്റെ ഈ മറുപടിക്ക് മറുത്തൊന്നും പറയാൻ അലവി മൗലവിക്ക് സാധിച്ചിട്ടില്ല. എന്നു മാത്രമല്ല പിന്നീട് വന്ന മൗലവിമാർ ഈ അടിസ്ഥാന തത്വം പല സ്ഥലത്തും അംഗീകരിച്ച് ഉപയോഗപ്പെടുത്തുകയാണ് ചെയ്തത്.
1999ലെ തല മറക്കൽ വിവാദം. മൗലവിമാർക്കിടയിൽ മുസ്‌ലിംകൾ തല മറക്കണോ വേണ്ടേ എന്ന വിഷയത്തിൽ തർക്കം നടന്നിരുന്നു. തല മറക്കണം എന്ന് ഉമർ മൗലവിയും വേണ്ടെന്ന് സലാം സുല്ലമിയും. അതുമായി ബന്ധപ്പെട്ട് കെ. ഉമർ മൗലവി കൊടുത്ത മറുപടി പൂനൂരിൽ പതി ഉസ്താദ് നൽകിയ മറുപടി തന്നെയായിരുന്നു :
"പിന്നൊരു ചോദ്യം; തല മറക്കുന്നതും തൊപ്പി ധരിക്കുന്നതും ഹലാലാണെന്നതിന് എന്താണ് രേഖ ? അതിനു മറുപടി. ഒരു കാര്യം ഹലാലാണെന്നതിന് രേഖ ആവശ്യമില്ലെന്നാണ് ഇസ്‌ലാമിലെ സർവ്വാംഗീകൃത തത്വം. വിരോധിക്കാതിരുന്നാൽ മതി. അപ്പോൾ ഹലാൽ എന്ന് വന്നു. തല മറക്കുന്നത് എവിടെയും വിരോധിച്ചിട്ടില്ല. ഹജ്ജിൽ പ്രവേശിച്ചാൽ ഒഴികെ. അപ്പോൾ ഇതൊരു ഹലാലായ കാര്യമാണെന്ന് വന്നു. ഇനി അതിന് രേഖ ചോദിക്കേണ്ട ആവശ്യമില്ല. "
(സൽസബീൽ മാസിക
1999. മെയ് 20 പേജ് : 34)
നോക്കൂ , പതി ഉസ്താദിൽ നിന്നാണ് ഈ വിവരം മൗലവിമാർ മനസ്സിലാക്കുന്നത്. കഥയറിയാത്ത ചില ആളുകൾ ഇപ്പോഴും പറയും പൂനൂരിൽ അലവി മൗലവിയുടെ ചോദ്യത്തിന് സുന്നികൾ മറുപടി പറഞ്ഞില്ലെന്ന്! പാവം അവർക്കറിയില്ല, അന്ന് പതി ഉസ്താദ് കൊടുത്ത മറുപടിയാണ് മൗലവിമാർ പലയിടത്തും ഉപയോഗപ്പെടുത്തുന്നതെന്ന്.
മറ്റൊരു രംഗം കൂടി പറയാം; 2012ൽ കെ എൻ എം ശിർക്ക് ആരോപിച്ച് ഒരു വിഭാഗത്തെ പുറത്താക്കി.
അവർ തമ്മിൽ സംവാദങ്ങൾ നടന്നു. ഖണ്ഡനങ്ങൾ നടന്നു. അലവി മൗലവിയുടെ ആ പഴയ ചോദ്യം അവർക്കിടയിലും വന്നു.
പതി ഉസ്താദ് അന്ന് നൽകിയ മറുപടിയാണ് ശിർക്കാരോപിക്കപ്പെട്ടവർക്ക് സഹായകമായത്.
ചോദ്യവും മറുപടിയും താഴെ ചേർക്കുന്നു :
"അനസ് മൗലവി (കെ എൻ എം) ഉന്നയിക്കുന്ന അവസാനത്തെ ഒരു ചോദ്യമുണ്ട്. അതായത് കെ ജെ യുവിന്റെ ഈ ഫത്‌വ (ജിന്നിനോട് സഹായം തേടൽ ശിർക്ക്) സ്വീകരിക്കുന്നില്ലെങ്കിൽ അതിനെതിരെ ഒരു ആയത്തോ സ്വഹീഹായ ഹദീസോ കൊണ്ടുവരാൻ ആർക്കെങ്കിലും സാധിക്കുമോ ? (ജിന്ന് സഹായ തേട്ടം ശിർക്കല്ല എന്നതിന് ആയത്ത് ഉണ്ടോ ? ഹദീസ് ഉണ്ടോ ?)
ഇവിടെ വലിയൊരു തെറ്റിദ്ധരിപ്പിക്കൽ മൗലവി നടത്തുന്നുണ്ട്. അതായത് ശിർക്കല്ല എന്ന് പറയുന്നവരാണ് ആയത്തും ഹദീസും കൊണ്ടുവരേണ്ടത് എന്നതാണാ തെറ്റിദ്ധരിപ്പിക്കൽ. വാസ്തവത്തിൽ ഹാളിറായ ജിന്നിനോട് അതിൻെറ കഴിവിൽ പെട്ടത് ചോദിച്ചാലും ശിർക്കാണെന്ന് പറയുന്നവരാണ് ആയത്തും ഹദീസും കൊണ്ടുവരേണ്ടത്. എന്നാൽ കെ ജെ യു ഫത്‌വയിൽ ഇക്കാര്യം തെളിയിക്കുന്ന ഒരൊറ്റ ആയതോ ഹദീസോ കൊണ്ടുവന്നിട്ടില്ല. 'ശിർക്കല്ല' എന്നതിനുള്ള തെളിവ് 'ശിർക്കല്ല' എന്നത് തന്നെയാണ്. "ശിർക്ക് ശിർക്ക് " എന്ന് വിളിച്ചു കൂവുന്നവരാണ് എന്തുകൊണ്ടത് ശിർക്കായി എന്ന് പ്രമാണങ്ങൾ ഉദ്ധരിച്ച് തെളിയിക്കേണ്ടത്. ഒരു കാര്യം സ്ഥാപിക്കുന്നവരാണ് തെളിവ് ഹാജരാക്കേണ്ടത്, നിഷേധിക്കുന്നവരല്ല. മുസ്‌ലിം പണ്ഡിത ലോകത്ത് ഏറെ അറിയപ്പെട്ട ഈ തത്വം പോലും ശിർക്കാരോപകർ കണ്ടില്ലെന്ന് നടിക്കുന്നത് അവരുടെ ഗതികേടിന്റെ ആയമാണ് വ്യക്തമാക്കുന്നത്. "
(അൽ ഇസ്‌ലാഹ് മാസിക
2013 ജനുവരി പേജ് 67)
എത്ര മനോഹരമായ വിശദീകരണം ! മൗലവിമാരുടെ മേൽ ശിർക്കാരോപണങ്ങൾ വന്നപ്പോൾ പൂനൂര് സംവാദത്തിൽ പതി ഉസ്താദ് പറഞ്ഞ തത്വം സുന്ദരമായി മൗലവിമാർ ഉപയോഗിക്കുകയാണ്.
പൂനൂരിൽ അലവി മൗലവിയുടെ ചോദ്യം ഗതികേടിന്റെ അങ്ങേയറ്റമായിരുന്നെന്ന് മൗലവിമാർ പോലും സമ്മതിച്ചു കൊണ്ടിരിക്കുന്നു.
പൂനൂരിൽ പതി ഉസ്താദ് പഠിപ്പിച്ച തത്വം മൗലവിമാരും ഉൾക്കൊണ്ടു. പക്ഷേ, ഹഖിന്റെ ഭാഗത്ത് ചേരാൻ അവർക്ക് തൗഫീഖുണ്ടായില്ല.
No comments:
Post a Comment