ഖുതുബ പരിഭാഷ റാബിതക്ക് സമസ്തയുടെ കത്ത്●
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
ജുമുഅ ഖുതുബയുടെ ഭാഷ മാറ്റാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ പലപ്പോഴുമുണ്ടായിട്ടുണ്ട്. അതിനു തുടക്കമിട്ട അതാതുര്‍ക്കിനു ശേഷം പല പ്രദേശങ്ങളില്‍ അഭിനവ അതാതുര്‍ക്കുമാര്‍ രംഗപ്രവേശം ചെയ്തു. പാരമ്പര്യത്തിനും മുസ്‌ലിം ഏകതക്കും പണ്ഡിത ഇജ്മാഅ് (ഏകാഭിപ്രായം) എന്ന പ്രമാണത്തിനും എതിരായതിനാല്‍ അവയൊന്നും ചരിത്രത്തിലും വര്‍ത്തമാനത്തിലും ഗതിപിടിക്കാതെ പോയി.
1975ല്‍ റാബിതതുല്‍ ആലമില്‍ ഇസ്‌ലാമിയും ഈ വെട്ടില്‍ വീണു. റുക്ന് അല്ലാത്തവ പ്രാദേശിക ഭാഷകളില്‍ ആവാമെന്നായിരുന്നു അവരുടെ ഫത്വ. ആദര്‍ശ ബോധമുള്ള മുസ്‌ലിം സംഘടനകളും ആഗോള പ്രശസ്ത വ്യക്തിത്വങ്ങളും ഇതു ചോദ്യം ചെയ്തു. ഈ പുതിയ വാദത്തിന് പ്രമാണമാവശ്യപ്പെട്ടു. റാബിതയുടെ മസ്ജിദ് കോണ്‍ഫറന്‍സ് പാസാക്കിയ പ്രസ്തുത പ്രമേയത്തില്‍ വിശദീകരണമാവശ്യപ്പെട്ടു കേരളത്തില്‍ നിന്നു സമസ്ത നേരിട്ടു കത്തു നല്‍കി. മറുപടി കാണാതെ വന്നപ്പോള്‍ രണ്ടാമതും രജിസ്ത്രായി കത്തയച്ചു. അതിന്റെ പ്രസക്ത ഭാഗങ്ങള്‍ 1975 നവംബര്‍ 21 ലക്കം സുന്നിടൈംസില്‍ പ്രസിദ്ധീകരിച്ചു കാണാം, ‘റാബിതക്ക് സമസ്തയുടെ കത്ത്’ എന്ന ശീര്‍ഷകത്തില്‍. അതില്‍ നിന്ന്:
കോണ്‍ഫറന്‍സ് പാസാക്കിയ പ്രമേയത്തില്‍ ജുമുഅ ഖുതുബക്ക് ഫര്‍ളുകളില്‍ പെടാത്ത ആമുഖമുണ്ടെന്ന് പ്രമേയത്തിന്റെ പരിഭാഷ പ്രസിദ്ധീകരിച്ച പ്രാദേശിക പത്രത്തില്‍ കാണുന്നു. എന്നാല്‍ ഫര്‍ളുകളില്‍ പെടാത്ത ആമുഖമേതാണ്?
ഫര്‍ളുകളില്‍ പെടാത്ത വിഷയം എന്നൊന്നിനെക്കുറിച്ചും പ്രമേയത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. അങ്ങിനെയുള്ള ഒരു വിഷയമേതാണ്? ഹംദ്, സ്വലാത്ത് എന്നിവ കൊണ്ടാണ് ആമുഖമെന്ന് ഉദ്ദേശിക്കുന്നതെങ്കിലും വസ്വിയ്യത്ത് ബി തഖ്വ എന്നതു കൊണ്ടാണു ഉദ്ദേശിക്കുന്നതെങ്കിലും അവയെല്ലാം ഫര്‍ളുകള്‍ തന്നെയാണല്ലോ. വസ്തുത ഇങ്ങനെയായിരിക്കെ ഫര്‍ള് അല്ലാത്ത ഒരാമുഖവും വിഷയവും ഏതാണെന്ന് വ്യക്തമാക്കേണ്ടതാണ്. നിങ്ങളുടെ വാദമനുസരിച്ച് ആമുഖം ഫര്‍ളുകളില്‍ പെട്ടതല്ലെങ്കില്‍ അതില്‍മാത്രം അറബി ആവാമെന്നും വിഷയത്തില്‍ പ്രാദേശിക ഭാഷ ആവല്‍ നിര്‍ബന്ധമാണെന്നും വേര്‍തിരിച്ചതിന്റെ മാനദണ്ഡമെന്താണ്?
റുക്നല്ലാത്തവ പ്രാദേശിക ഭാഷയിലാവണമെന്നതിന് ആയത്തോ ഹദീസോ ഉദ്ധരിക്കാന്‍ കഴിയുമോ? അതല്ല സലഫു സ്വാലിഹീങ്ങളുടെ പ്രവര്‍ത്തനമോ പണ്ഡിതന്മാരുടെ ഇജ്മാഓ അതുമല്ലെങ്കില്‍ നബി(സ്വ)യുടെ കാലത്തിന് ശേഷം ഹിജ്റ ആയിരത്തിമുന്നൂറ് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഏതെങ്കിലുമൊരു പണ്ഡിതനോ അറനബി നാടുകളില്‍ അറബിയല്ലാത്ത ഭാഷയില്‍ ഒരു ദിവസമെങ്കിലും ഖുതുബ ഏതെങ്കിലും ഭാഗം നിര്‍വഹിച്ചതായോ തെളിയിക്കാമോ? ലോകത്തെങ്ങും അറബിയില്‍ മാത്രം ഖുതുബയുടെ ഫര്‍ളുകളും അനുബന്ധങ്ങളും നിര്‍വഹിച്ചു വന്നതിനാല്‍ ഖുതുബ അറബിയില്‍ തന്നെ ആയിരിക്കണമെന്നാണ് ഇമാം നവവി(റ), ഇമാം റാഫിഈ(റ) തുടങ്ങിയ ഫുഖഹാക്കളും ശാഹ് വലിയ്യുല്ലാഹ്(റ), അബ്ദുല്‍ ഹയ്യുല്‍ ലക്നവി(റ) തുടങ്ങിയ മുഹദ്ദിസുകളും രേഖപ്പെടുത്തിയിട്ടുള്ളത്. അനറബി ഭാഷ പതിവാക്കുന്നതു പോലും തെറ്റാണെന്നാണ് നിങ്ങള്‍ അംഗീകരിക്കുന്ന ഇബ്നു തൈമിയ്യപോലും പറഞ്ഞിട്ടുള്ളത്.
ഇവ്വിഷയകമായുള്ള ഇജ്മാഅ് അറബിയാണെന്നിരിക്കെ അതിനെതിരെ പ്രവര്‍ത്തിക്കുന്നത് ഇജ്മാഇനെതിരെ പ്രവര്‍ത്തിക്കുന്ന കുറ്റകരമായ കാര്യമാവുകയില്ലേ?
‘സത്യം വ്യക്തമായതിന് ശേഷം ആരെങ്കിലും റസൂലിനോടെതിര്‍ക്കുകയും സത്യവിശ്വാസികള്‍ (പരമ്പരാഗതമായി) നടന്നുവന്ന വഴിയല്ലാത്തതിനോടു അനുഗമിക്കുകയും ചെയ്യുന്നപക്ഷം അവന്റെ വാസസ്ഥലം നരകമാകുന്നു’വെന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇവിടെ ഉദ്ധരിച്ച വിശുദ്ധ വാക്യത്തിന്റെയും പണ്ഡിതന്മാരുടെ അഭിപ്രായത്തിന്റെയും വിപരീതമായി ജനങ്ങള്‍ ഗ്രഹിക്കേണ്ട ഭാഷയിലാവണമെന്ന യുക്തിവാദം ഉദ്ധരിക്കുന്ന നിങ്ങള്‍ ഹജ്ജ് സീസണിലും മറ്റും അറബികളെക്കാള്‍ അനറബികള്‍ സമ്മേളിക്കുന്ന സന്ദര്‍ഭത്തില്‍ അറബിയില്‍ ഖുതുബ നിര്‍വഹിക്കുന്നതിന്റെ ന്യായീകരണമെന്താണ്? സദസ്യര്‍ എന്നതുകൊണ്ട് ഖുതുബ നിര്‍വഹിക്കപ്പെടുന്ന നാട്ടുകാര്‍ എന്നാണോ നിങ്ങള്‍ ഉദ്ദേശിക്കുന്നത്. അല്ലെങ്കില്‍ വിവിധ ഭാഷക്കാര്‍ സമ്മേളിക്കുന്ന സദസ്സില്‍ ഏതു ഭാഷയാണ് പരിഗണിക്കേണ്ടത്?
നബി(സ്വ) മാതൃഭാഷയിലാണ് ഖുതുബ നിര്‍വഹിച്ചതെന്ന ന്യായമാണ് നിങ്ങള്‍ പറയുന്നതെങ്കില്‍ നിസ്കാരത്തിലും അറബി ഉപയോഗിച്ചത് മാതൃഭാഷ എന്ന നിലക്കാണെന്നും അതുകൊണ്ട് നിസ്കാരവും മാതൃഭാഷയിലാക്കാമെന്നും നിങ്ങള്‍ വാദിക്കുമോ?
നബി(സ്വ)യില്‍ നിന്ന് കേട്ടും കണ്ടും പഠിച്ച സ്വഹാബികളും താബിഉകളും അതിനുശേഷം ആയിരത്തില്‍ പരം കൊല്ലങ്ങളില്‍ പരമ്പരാഗതമായി ഇജ്മാഇന്ന് എതിരായുള്ള ഈ വാദത്തിന് നിങ്ങള്‍ തെളിവ് നല്‍കാത്ത കാലത്തോളം നിങ്ങളുടെ തീരുമാനത്തെ അതര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുകയേ നിര്‍വാഹമുള്ളൂ. എന്ന്, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ (ഒപ്പ്).
No comments:
Post a Comment