Wednesday, March 21, 2018

മയ്യിത്തിന് ഖുർആൻ ഓത്ത് - മദ്ഹബുകൾ പറയട്ടെ

മയ്യിത്തിന് ഖുർആൻ ഓത്ത് - മദ്ഹബുകൾ പറയട്ടെ
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0




ഖുർആൻ പാരായണം മരിച്ചവർക്ക്

മരണപ്പെട്ടവർക്കുവേണ്ടി ഖുർആൻ പാരായണം ചെയ്ത് അതിന്റെ പ്രതിഫലം ഹദ് യ നൽകിയാൽ അത് മയ്യിത്തിലേക്കെത്തുന്നതും അതവന്ന് പ്രയോചനം ചെയ്യുന്നതുമാണ്. ഇക്കാര്യത്തിൽ നാല് മദ്ഹബുകളുടെയും വീക്ഷണം ഒന്നാണ്. ഓരോ മദ്ഹബുകളുടെയും വീക്ഷണം അതാത് മദ്ഹബിലെ പ്രബല ഗ്രന്ഥങ്ങളിൽ നിന്ന് തന്നെ നമുക്ക് വായിക്കാം.

ശാഫിഈ മദ്ഹബ്

ഇമാം നവവി(റ) എഴുതുന്നു:

അർത്ഥം:
'ഖുർആനിൽ നിന്ന് എളുപ്പമായത്‌ പാരായണം ചെയ്ത് ഉടനെ മരണപ്പെട്ടവർക്കുവേണ്ടി പ്രാർത്ഥിക്കൽ സുന്നത്താണ്. ഇക്കാര്യം ഇമാം ശാഫിഈ(റ) വ്യക്തമായി പ്രസ്ഥാപിച്ചിരിക്കുന്നു'. (ശർഹുൽ മുഹദ്ദബ്: 5/311)

ഹനഫീ മദ്ഹബ്
ഇബ്നുആബിദീൻ(റ) എഴുതുന്നു:

അർത്ഥം:
'ശാഫിഈ മദ്ഹബിലെ പിൽക്കാല പണ്ഡിതന്മാർ സമർത്ഥിക്കുന്ന ആശയം ഖുർആൻ പാരായണം ചെയ്യുന്നത് മയ്യിത്തിന്റെ സമീപത്ത്വെച്ചാവുകയോ മയ്യിത്ത് സ്ഥലത്തില്ലാത്തപ്പോൾ പാരായണം ചെയ്ത ഉടനെ മയ്യിത്തിനുവേണ്ടി പ്രാർത്ഥിക്കുകയൊ ചെയ്താൽ അത് മയ്യിത്തിനു ലഭിക്കുമെന്നാണ്. കാരണം ഖുർആൻ പാരായണം ചെയ്യുന്ന സ്ഥലത്ത് റഹ്മത്തും ബർകത്തും ഇറങ്ങുന്നതാണ്. ഖുർആൻ പാരായണത്തിന്റെ ഉടനെയുള്ള പ്രാർത്ഥനക്ക് കൂടുതൽ സ്വീകാര്യത പ്രതീക്ഷിക്കാവുന്നതാണ്. ഇപ്പറഞ്ഞതിൽ നിന്ന് മനസ്സിലാവുന്നത് ഖുർആൻ പാരായണം കൊണ്ട് മയ്യിത്തിനു പ്രയോചനമുണ്ടാകുമെന്നാണ്. അതിന്റെ പ്രതിഫലം മയ്യിത്തിനു ലഭിക്കുമെന്നല്ല. ഇതുകൊണ്ടാണ് പ്രാർത്ഥനയിൽ 'ഞാൻ പാരായണം ചെയ്തതിന്റെ പ്രതിഫലത്തോട് തത്തുല്യമായൊരു പ്രതിഫലം മയ്യിത്തിലേക്ക് നീ എത്തിക്കേണമേ അല്ലാഹുവേ' എന്ന വാചകം അവർ തെരഞ്ഞെടുത്തത്. എന്നാൽ ഖുർആൻ പാരായണത്തിന്റെ പ്രതിഫലം തന്നെ മയ്യിത്തിന് ലഭിക്കുമെന്നതാണ് നമ്മുടെ വീക്ഷണം' (റദ്ദുൽ മുഖ്‌താർ: 3/152)

ഇതേ ആശയം 'അൽബിനായ ശർഹുൽ ഹിദായ' 3/306, 'അൽഫതാവൽ ഹിന്ദിയ്യ' 1/166, 'അൽബഹ്റുൽ റാഇഖ് ശർഹു കൻസുദ്ദഖാഇഖ്' 2/210 'ശർഹു ഫത്ഹുൽഖദീർ  അലൽ ഹിദായ' 2/150 'തബ് യീനുൽ ഹഖാഇഖ്' 2/83 എന്നിവയിലും കാണാവുന്നതാണ്.     

മാലികീ മദ്ഹബ്
ഖാളീ ഇയാള്(റ) പറയുന്നു:

അർത്ഥം:
മയ്യിത്തിന്റെ പേരിൽ ഖുർആൻ പാരായണം ചെയ്യൽ സുന്നത്താണെന്ന് ഇതിൽ നിന്ന് പണ്ഡിതന്മാർ പിടിച്ചെടുത്തിരിക്കുന്നു. കാരണം അചേതന വസ്തുവായ രണ്ട് ഈത്തപ്പന മട്ടിലിൽ തസ്ബീഹ് നിമിത്തം  മയ്യിത്തിന് ശിക്ഷയിൽ ഇളവുലഭിക്കുമെങ്കിൽ ഖുർആൻ പാരായണം നിമിത്തം എന്തായാലും ഇളവ് ലഭിക്കുമല്ലോ. (ശർഹു ശൈഖ് മുഹമ്മദ്‌ ഖലീഫ: 2/125)

ഇബ്നുൽഹാജ്ജ്(റ) പറയുന്നു:

അർത്ഥം:
മയ്യിത്തിന്റെ വീട്ടിൽ വെച്ച് ഖുർആൻ പാരായണം ചെയ്ത് മയ്യിത്തിലേക്ക് ഹദ് യ നൽകിയാൽ മയ്യിത്തിന് അത് ലഭിക്കുന്നതാണ്. ഖുർആൻ പാരായണത്തിൽ നിന്ന് വിരമിച്ചാൽ അതിന്റെ പ്രതിഫലം മയ്യിത്തിന് ദാനം ചെയ്യുകയോ അതിന്റെ പ്രതിഫലം മയ്യിത്തിന് നല്കാൻ പ്രാർത്ഥിക്കുകയൊ വേണം. അങ്ങനെ ചെയ്യുന്നത് പ്രതിഫലം മയ്യിത്തിന് ലഭിക്കാനുള്ള പ്രാർത്ഥനയാണ്. പ്രാർത്ഥന ചേരുമെന്നതിൽ വീക്ഷണാന്തരമില്ലല്ലോ. (അൽമദ്ഖൽ) (ഇമാം ഖറാഫി(റ)യുടെ 'അൽഫുറൂഖ്' (3/192)

ഹമ്പലീ മദ്ഹബ്

അർത്ഥം:
ഏതു നല്ല കർമ്മം ചെയ്ത് അതിന്റെ പ്രതിഫലം മയ്യിത്തിന് ഹദ് യ നല്കിയാലും അത് മയ്യിത്തിന് ഉപകരിക്കുന്നതാണ്....മുമ്പ് വിവരിച്ച പ്രമാണങ്ങളും മുസ്ലിം ലോകത്തിന്റെ ഇജ്മാഉം  നാം പറഞ്ഞതിന് രേഖയാണ്. നിശ്ചയം എല്ലാ കാലത്തും എല്ലാസ്ഥലങ്ങളിലുമുള്ള മുസ്ലിംകൾ സമ്മേളിച്ച് ഖുർആൻ പാരായണം ചെയ്ത് അതിന്റെ പ്രതിഫലം മരണപ്പെട്ടവർക്ക്‌ ഹദ് യ ചെയ്യാറുണ്ട്. അതിനെ ആരുംതന്നെ വിമർശിച്ചിട്ടില്ല. (അൽ മുഗ്നി. 5/80)

ഇബ്നു ഖുദാമ(റ) തന്നെ പറയട്ടെ;

അർത്ഥം:
എല്ലാ സ്ഥലങ്ങളിലുമുള്ള മുസ്ലിംകൾ ഒരുമിച്ച് കൂടി ഖുർആൻ പാരായണം ചെയ്ത് മരണപ്പെട്ടവർക്ക്‌ ഹദ് യ ചെയ്യുന്നുണ്ട്. അതിനെ ആരും വിമർശിച്ചിട്ടില്ല. അതിനാല അത് ഇജ്മാഉള്ള വിഷയമായിത്തീർന്നു. (അൽ കാഫീ: 1/313)

പുത്തൻ വാദികൾ അവരുടെ നേതാവായി പരിചയപ്പെടുത്തുന്ന ഇബ്നുതൈമിയ്യയുടെ പരിഗണനക്ക് വന്ന ഒരു ചോദ്യവും മറുവടിയും ഇവിടെ കുറിക്കട്ടെ.;
ചോദ്യം:-

وسئل عن قراءة أهل الميت تصل إليه ؟ والتسبيح والتحميد والتهليل والتكبير إذا أهداه إلى الميت يصل إليه ثوابها أم لا ؟ .

 മയ്യിത്തിന്റെ വീട്ടുകാർ നടത്തുന്ന ഖുർആൻ പാരായണം മയ്യിത്തിന് ലഭിക്കുമോ?. തസ്ബീഹ്, തംജീദ്, തഹ്ലീല്,തക്ബീർ, തുടങ്ങിയവയുടെ പ്രതിഫലം മയ്യിത്തിന് ഹദ് യ ചെയ്താൽ അത് മയ്യിത്തിലേക്കെത്തുമോ?.

മറുവടി:-

فأجاب : يصل إلى الميت قراءة أهله وتسبيحهم وتكبيرهم وسائر ذكرهم لله تعالى إذا أهدوه إلى الميت وصل إليه والله أعلم . إذا أهدوه إلى الميت وصل إليه. والله أعلم: (مجموع فتاوى ابن تيمية: ٣٦٤/٢٤)

മയ്യിത്തിന്റെ വീട്ടുകാർ നടത്തുന്ന ഖുർആൻ പാരായണവും അവരുടെ തസ്ബീഹും മറ്റു ദിക്റുകളും മയ്യിത്തിന് അവർ ഹദ് യ ചെയ്യുന്ന പക്ഷം മയ്യിത്തിന് അവ ലഭിക്കുന്നതാണ്. (മജ്മുഉ ഫതാവാ. 24/364)

ഇബ്നുതൈമിയ്യ തന്നെ പറയട്ടെ; 

അർത്ഥം:
മയ്യിത്തിന്റെ പേരിൽ ഖുർആൻ പാരായണം ചെയ്യുന്നവർക്കോ മറ്റോ ദാനം ചെയ്താൽ അത് മയ്യിത്തിനു പ്രയോജനം ചെയ്യുമെന്നത് മുസ്ലിംകളുടെ ഐക്യ കണ്‍ടെനയുള്ള അഭിപ്രായമാണ്. ഇതേ പോലെ അല്ലാഹുവിന്റെ പ്രതിഫലം ആഗ്രഹിച്ച് ഖുർആൻ പാരായണം ചെയ്ത് മയ്യിത്തിനു ഹദ് യ ചെയ്താലും മയ്യിത്തിനു അത് പ്രയോജനം ചെയ്യുന്നതാണ്. (മജ്മുഉ ഫതാവാ. 24/300)

പുത്തൻ വാദികളുടെ മറ്റൊരു നേതാവായ ഇബ്നുൽ ഖയ്യിം പറയുന്നു:

قال ابن القيم: وأما قراءة القرآن وإهداءها له تطوعاً بغير أجرة، فهذا يصل إليه كما يصل ثواب الصوم والحج، وقال: وأي فرق بين وصول ثواب الصوم الذي هو مجرد نية وإمساك، وبين وصول ثواب القراءة والذكر؟ (الروح: ١٧٤)

ഖുർആൻ പാരായണം ചെയ്ത് സൗജന്യമായി അതിന്റെ പ്രതിഫലം മയ്യിത്തിനു ഹദ് യ ചെയ്യുന്ന പക്ഷം ഹജ്ജിന്റെയും നോമ്പിന്റെയും പ്രതിഫലം ലഭിക്കുമെന്ന പോലെ അതിന്റെ പ്രതിഫലവും മയ്യിത്തിനു ലഭിക്കുന്നതാണ്...ഇബ്നുൽ ഖയ്യിം തുടരുന്നു. നിയ്യത്തും നോമ്പ് മുറിയുന്നകാര്യങ്ങളെതൊട്ട് പിടിച്ചുനിൽക്കലും മാത്രമായ നോമ്പിന്റെ പ്രതിഫലം മയ്യിത്തിനു ലഭിക്കുന്നതിനും ഖുർആൻ പാരായണത്തിന്റെയും ദിക്റിന്റെയും പ്രതിഫലം ലഭിക്കുന്നതിനുമിടക്ക് എന്തുവ്യത്യാസമാണുള്ളത്?. (റൂഹ് : 174)

ഇമാം സുയൂത്വി(റ) എഴുതുന്നു:

അർത്ഥം:
ഖുർആൻ പാരായണത്തിന്റെ പ്രതിഫലം മയ്യിത്തിനു ലഭിക്കുന്ന കാര്യത്തിൽ വീക്ഷണാന്തരമുണ്ട്. സലഫിൽ നിന്ന് ബഹുഭൂരിഭാഗമാളുകളും മദ്ഹബിന്റെ മൂന്നു ഇമാമുകളും ലഭിക്കുമെന്ന പക്ഷക്കാരാണ്. പ്രാർത്ഥന, ദാനധർമ്മം, നോമ്പ്, ഹജ്ജ്, അടിമയെ മോചിപ്പിക്കൾ തുടങ്ങിയവ ഖുർആൻ പാരായണത്തെ താരതമ്യം ചെയ്യലാണ് അവരുടെ ഒരു പ്രമാണം. കാരണം പ്രതിഫലം നീക്കുന്നതിൽ ഹജ്ജ്, ധർമ്മം, വഖ്‌ഫ്,പ്രാർത്ഥന, ഖുർആൻ പാരായണം എന്നിവക്കിടയിൽ വ്യത്യാസമില്ലല്ലൊ. മുകളില വിവരിച്ച ഹദീസുകളും അവരുടെ രേഖകളാണ്. അവയില ചിലത് ദുർബ്ബലമാണെങ്കിലും അതെല്ലാം കൂടി കൂടുമ്പോൾ അതിനൊരു പ്രമാണമുണ്ടെന്നു അതറിയിക്കുന്നുണ്ട്.ഇതിനു പുറമേ ലോക മുസ്ലിംകൾ എക്കാലവും സമ്മേളിച്ച് മരണപ്പെട്ടവരുടെ പേരിൽ ഖുർആൻ പാരായണം ചെയ്യുന്നതിനെ ആരും വിമർശിക്കാറില്ല. അതിനാല ഇത് ഇജ്മാഉള്ള ഒന്നായി മാറി. (ശർഹുസ്സ്വദൂർ. 310/311)

ഇമാം നവവി(റ) പറഞ്ഞത്?

 ഇമാം നവവി(റ)യുടെ ശർഹുമുസ്ലിമിലെ പരാമർശം പൊക്കിപ്പിടിച്ച് ചിലര് ആശയക്കുഴപ്പം സൃഷ്ടിക്കാറുണ്ട്. പ്രസ്തുത പരാമർശമിങ്ങനെ;

وأما قراءة القرآن، فالمشهور من مذهب الشافعي، أنه لا يصل ثوابها إلى الميت، وقال بعض أصحابه: يصل ثوابها إلى الميت.....(شرح مسلم: ١٣٨/١)

'ഖുർആൻ പാരായണത്തിന്റെ പ്രതിഫലം മയ്യിത്തിലെക്കെത്തുകയില്ലെന്നതാണ് ശാഫിഈ മദ്ഹബിൽ പ്രസിദ്ദിനേടിയ അഭിപ്രായം. അതിന്റെ പ്രതിഫലവും മയ്യിത്തിലെക്കെത്തുമെന്ന് നമ്മുടെ അസ്വഹാബിൽ ചിലർ അഭിപ്രായപ്പെട്ടിരിക്കുന്നു....' (ശർഹുമുസ്ലിം. 1/138)

പ്രസ്തുത പരാമർശത്തെ അധികരിച്ച് ഇബ്നു ഹജർ(റ) എഴുതുന്നു: 

അർത്ഥം:
   ഖുർആൻ പാരായണം മയ്യിത്തിലെക്കെത്തുകയില്ലെന്നെതാണ് മദ്ഹബിൽ പ്രസിദ്ദമായ അഭിപ്രായമെന്ന് ഇമാം നവവി(റ) ശർഹുമുസ്ലിമിൽ പറഞ്ഞതിനെ ഒരു കൂട്ടം പണ്ഡിതന്മാർ ഇപ്രകാരം വിലയിരുത്തുന്നു. മയ്യിത്തിന്റെ ഹള്റത്തിൽ വെച്ച് പാരായണം ചെയ്യാതിരിക്കുകയോ ഖുർആൻ പാരായണം ചെയ്തവൻ അതിന്റെ പ്രതിഫലത്തെ മയ്യിത്തിനു കരുതാതിരിക്കുകയോ മയ്യിത്തിനു വേണ്ടി കരുതിയ രൂപത്തിൽ അവനു വേണ്ടി പ്രാർത്ഥിക്കാതിരിക്കുകയൊ ചെയ്യുമ്പോഴാണ് ഖുർആൻ പാരായണം മയ്യിത്തിനു ലഭിക്കുകയില്ലെന്ന് പറയുന്നത്. (തുഹ്ഫ 7/74)

ഇമാം നവവി(റ) തന്നെ പറയുന്നു: 

അർത്ഥം:
ഖുർആൻ പാരായണത്തിന്റെ കാര്യത്തിൽ പണ്ഡിതൻമാർ അഭിപ്രായവ്യത്യാസത്തിലാണ്. ശാഫിഈ മദ്ഹബിൽ പ്രസിദ്ദിനേടിയതും ഒരു കൂട്ടം പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നതും ഖുർആൻ പാരായണം മയ്യിത്തിലെക്കെത്തുകയില്ലെന്നാണ്. എന്നാൽ അഹ്മദുബ്നുഹമ്പൽ(റ) വും ഒരു കൂട്ടം പണ്ഡിതന്മാരും ഇമാം ശാഫിഈ(റ) യുടെ അസ്വഹാബിൽ നിന്ന് ഒരു കൂട്ടം പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നത് ഖുർആൻ പാരായണം മയ്യിത്തിലെക്കെത്തുമെന്നുമാണ്. അതിനാല പാരായണത്തിൽ നിന്ന് വിരമിച്ച ശേഷം 'അല്ലാഹുവേ ഞാൻ പാരായണം ചെയ്തതിന്റെ പ്രതിഫലം ഇന്നാലിന്ന ആളിലേക്ക് നീ എത്തിക്കേണമേ" എന്ന് പാരായണം ചെയ്തവൻ പ്രാർത്ഥിക്കലാണ് കൂടുതൽ നല്ലത്. (അൽഅദ്കാർ. പേ: 172)

ഖബ്റിൽ ശിക്ഷ ലഭിക്കുന്ന രണ്ടാളുകളുടെ ഖബ്റിനരികിലൂടെ നബി(സ) നടക്കുമ്പോൾ ഒരു ഈത്തപ്പനമട്ടൽ രണ്ടായി ഭാഗിച്ച് ഓരോ ഖബ്റിലും ഓരോ കഷ്ണം കുത്തിയതിനെ പരാമർശിക്കുന്ന ഹദീസ് വിവരിച്ച് ഇമാം നവവി(റ) എഴുതുന്നു:

അർത്ഥം:
ഖബ്റിനരികിൽ വെച്ച് ഖുർആൻ ഓതൽ സുന്നത്താണെന്ന് ഈ ഹദീസിന്റെ അടിസ്ഥാനത്തിൽ പണ്ഡിതന്മാർ പ്രഖ്യാപിച്ചിരിക്കുന്നു. ഈത്തപ്പനമട്ടലിന്റെ തസ്ബീഹ് കാരണം ശിക്ഷയിൽ ഇളവുലഭിക്കുമെന്ന് പ്രതീക്ഷിക്കാമെങ്കിൽ ഖുർആൻ പാരായണം അതിനുകൂടുതൽ ബന്ധപ്പെട്ടതാണല്ലോ. (ശർഹുമുസ്ലിം. 2/205)

ഇമാം ശാഫിഈ(റ) അൽ ഉമ്മിൽ പറയുന്നത് കാണുക.

وأحب لو قرأ عند القبر ودعي للميت (الأم: ٣٢٢/١)

ഖബ്റിനരികിൽ വെച്ച് ഖുർആൻ പാരായണം ചെയ്ത് മയ്യിത്തിനുവേണ്ടി പ്രാർത്ഥിക്കുന്നതിനെ ഞാനിഷ്ടപ്പെടുന്നു. (അൽ ഉമ്മ്. 1/322)

അപ്പോൾ ഖുർആൻ പാരായണത്തിന്റെ പ്രതിഫലം മയ്യിത്തിനുലഭിക്കുകയില്ലെന്ന് പറയുന്നത് മയ്യിത്തിനുവേണ്ടി പ്രാർത്ഥിക്കാതിരിക്കുമ്പോഴും ഖബ്റിനുസമീപത്തുവെച്ച്  പാരായണം ചെയ്യാതിരിക്കുമ്പോഴുമാണെന്ന് ഇമാം ശാഫിഈ(റ) യുടെയും ഇമാം നവവി(റ)യുടെയും പരാമർശത്തിൽ നിന്നു തന്നെ വ്യക്തമാണ്.

അല്ലാമ ശർവാനി(റ) പറയുന്നു:

അർത്ഥം:
ഖുർആൻ പാരായണത്തിന്റെ പ്രതിഫലം മയ്യിത്തിനു ലഭിക്കുകയില്ലെന്ന് പറയുന്നത് മൂന്ന് ഉപാധികൾക്ക് വിധേയമാല്ലാതിരിക്കുമ്പോഴാണെന്ന അഭിപ്രായത്തെ ഇമാം റാംലി(റ) പ്രബലമാക്കിയിരിക്കുന്നു. പ്രതിഫലം മയ്യിത്തിനു ലഭിക്കാൻ അക്കാര്യം മനസ്സില് കരുതിയാൽ മതിയെന്നും പ്രാർത്ഥി0ക്കേണ്ടതില്ലെന്നും  ഇമാം റാംലി(റ) പ്രസ്ഥാപിച്ചിരിക്കുന്നു. ചുരുക്കത്തിൽ ഖുർആൻ പാരായണം ചെയ്യുന്നവൻ അതിന്റെ പ്രതിഫലം മയ്യിത്തിനു കരുതുകയോ പാരായണത്തിന്റെ പ്രതിഫലം മയ്യിത്തിനു ലഭിക്കാൻ പാരായണത്തിന്റെ ഉടനെ പ്രാർത്ഥിക്കുകയൊ ഖബ്റിനു സമീപത്തുവെച്ച് പ്രാർത്ഥിക്കുകയൊ ചെയ്താൽ പാരായണത്തിന്റെ പ്രതിഫലത്തോട് തത്തുല്യമായൊരു പ്രതിഫലം മയ്യിത്തിനു ലഭിക്കുന്നതാണ്. ഖുർആൻ പാരായണം ചെയ്തവനും പ്രതിഫലം  ലഭിക്കുന്നതാണ്. ഇനി പാരായണം ചെയ്യുന്ന വ്യക്തിക്ക് പ്രതിഫലം ലഭിക്കാത്ത സാഹചര്യത്തിലും മയ്യിത്തിനു പ്രതിഫലം ലഭിക്കും. കൂലിക്ക് വേണ്ടി ഖുർആൻ പാരായണം ചെയ്യുന്നവൻ ഉദാഹരണം;
   മയ്യിത്തിനു വേണ്ടി ഖുർആൻ പാരായണം ചെയ്യാൻ കൂലിക്ക്വിളിക്കപ്പെട്ടവൻ ഖുർആൻ പാരായണം കൊണ്ട് മയ്യിത്തിനെ കരുതാതിരിക്കുകയോ പാരായണത്തിന്റെ ഉടനെ മയ്യിത്തിനു വേണ്ടി പ്രാർത്ഥിക്കാതിരിക്കുകയൊ ഖബ്റിന്റെ സമീപത്ത് വെച്ച് പാരായണം ചെയ്യാതിരിക്കുകയോ ചെയ്താൽ ബാധ്യതയിൽ നിന്നു അവൻ ഒഴിവാകുന്നതല്ല. അൽപാൽപമായി പാരായണം ചെയ്യുന്ന രൂപത്തിൽ രണ്ടാമത്തേതിനെ ഒന്നാമത്തേതിന്റെ തുടർച്ചയായി കണക്കാക്കുന്ന രൂപത്തിൽ ആദ്യപാരായണത്തിന്റെ തുടക്കത്തിൽ കരുതിയാൽ മതി. (ശർവാനി. 7/74)

സുലയ്മാനുൽ ജമൽ(റ) പറയുന്നു: 

 അർത്ഥം:
മൂന്നിലൊരു നിബന്ധന ഒത്തുവന്നാൽ ഖുർആൻ പാരായണം മയ്യിത്തിനുപകരിക്കുമെന്നതാണ് ശരിയായ അഭിപ്രായം. മയ്യിത്തിന്റെ സമീപത്ത് വെച്ച് പാരായണം ചെയ്യുക, മയ്യിത്ത് വിദൂരത്താണെങ്കിലും പാരായണം കൊണ്ട് മയ്യിത്തിനെ ലക്ഷ്യമാക്കുക, മയ്യിത്ത് വിദൂരത്താണെങ്കിലും പാരായണം ചെയ്യുന്നവൻ മയ്യിത്തിനു വേണ്ടി പ്രാർത്ഥിക്കുക, എന്നിവയാണ് മൂന്ന് ഉപാധികൾ. (ഹാശിയത്തുൽ ജമൽ2/710)

ചുരുക്കത്തിൽ പ്രസ്തുത മൂന്ന് നിബന്ധനകൾ മേളിച്ചാൽ ഖുർആൻ പാരായണത്തിന്റെ പ്രതിഫലം മയ്യിത്തിനു ലഭിക്കുമെന്ന കാര്യത്തിൽ എല്ലാവരും ഒറ്റക്കെട്ടാണ്. സ്വഹാബത്തും(റ) താബിഉകളും താബിഉതാബിഉകളും മരണപ്പെട്ടവർക്ക് വേണ്ടി ഖുർആൻ പാരായണം ചെയ്യുന്നവരായിരുന്നു.

No comments:

Post a Comment

മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം

 https://www.facebook.com/share/17ZWVWZjSu/ 1️⃣5️⃣6️⃣ മുജാഹിദ് പ്രസ്ഥാനം  ഒരു സമഗ്ര പഠനം ✍️aslam saquafi payyoli  ➖➖➖➖➖➖➖➖➖➖➖ ദൈവവിശ്വാസ പരി...