ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
ഇസ് ലാം
ഹജറുൽ അസ് വദ് വിഗ്രഹാരാധനയോ ?
ഹജറുൽ അസ് വദ് വിഗ്രഹാരാധനയോ ?
____________________________________
ബഹ്ദൈവാരാധന തിൻമയാണെന്നും
ഏകദൈവത്വമാണ് ശരിയെന്നും അറിയാമെങ്കിലും, പ്രയോഗതലത്തിൽ ബഹുദൈവത്വവും വിഗ്രഹാരാധനയുമാണ് ക്രൈസ്തവർ അനുവർത്തിക്കുന്നത്. ഇതേക്കുറിച്ച് ചോദിക്കുമ്പോഴുള്ള ജാള്യത മറച്ചുവെക്കാനാണ് ഹജറുൽ അസ്’വദിനെ കുറിച്ച് തെറ്റിദ്ധാരണ പരത്തി ഇസ്ലാമിലും വിഗ്രഹാരാധന ഉണ്ട് എന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നത്.
എന്താണ് ഹജറുൽ അസ്’വദ് ?
ലോകത്താദ്യമായി ഏകദൈവാരാധനയ്ക്ക് വേണ്ടി ഇബ്റാഹീം പ്രവാചകൻ (അ) അല്ലാഹുവിന്റെ നിർദ്ദേശപ്രകാരം പണികഴിപ്പിച്ച ആരാധനാലയമാണ് മക്കയിലെ കഅ്ബ.
ﺇِﻥَّ ﺃَﻭَّﻝَ ﺑَﻴْﺖٍ ﻭُﺿِﻊَ ﻟِﻠﻨَّﺎﺱِ ﻟَﻠَّﺬِﻱ ﺑِﺒَﻜَّﺔَ ﻣُﺒَﺎﺭَﻛًﺎ ﻭَﻫُﺪًﻯ ﻟِﻠْﻌَﺎﻟَﻤِﻴﻦَ
“തീര്ച്ചയായും മനുഷ്യര്ക്ക് വേണ്ടി സ്ഥാപിക്കപ്പെട്ട ഒന്നാമത്തെ ആരാധനാ മന്ദിരം ബക്കയില് ഉള്ളതത്രെ. ( അത് ) അനുഗൃഹീതമായും ലോകര്ക്ക് മാര്ഗദര്ശകമായും (നിലകൊള്ളുന്നു.).”3:96
ഈ ആരാധനാലയത്തിനുള്ള അംഗീകാരമുദ്രയായി അല്ലാഹു സ്വർഗത്തിൽ നിന്നും ഇറക്കിക്കൊടുത്ത കല്ലാണ് ഹജറുൽ അസ്’വദ്.
കഅ്ബയുടെ പടിഞ്ഞാറേ മൂലയിൽ സ്ഥാപിച്ചിട്ടുള്ള ഈ കല്ലിനെയാണ് അറബിയിൽ ഹജറുൽ അസ്വദ് (കറുത്ത കല്ല്) എന്ന് പറയുന്നത്. ആരംഭം മുതൽ തന്നെ കഅബയുടെ ഒരു മൂലയിൽ സൂക്ഷിച്ചു പോരുന്നതാണ് ഇത്.
മുഹമ്മദ് നബി(സ) അതിനെ കഅബാ പ്രദക്ഷിണം ആരംഭിക്കാനുള്ള അടയാളമായി നിശ്ചയിക്കുകയും ചെയ്തു. അതിനെ ചുംബിക്കുകയോ കൈ കൊണ്ട് അതിനുനേരെ ആംഗ്യം കാണിക്കുകയോ ചെയ്തുകൊണ്ടായിരിക്കണം തവാഫ് (പ്രദക്ഷിണം) ആരംഭിക്കേണ്ടത്.
എന്നാൽ അതിനപ്പുറം യാതൊരു ദിവ്യത്വവും അതിന് സങ്കൽപ്പിച്ചു കൂടാ എന്നത് മുസ്ലിം സമൂഹത്തിൽ ആർക്കിടയിലും അഭിപ്രായ വ്യത്യാസമില്ലാത്ത കാര്യമാണ്.
ഹജറുൽ അസ്’വദ് മാത്രമോ?
കഅ്ബയിൽ ഒരു തിരുശേഷിപ്പായി പ്രത്യേകം സംരക്ഷിക്കപ്പെടുന്നത് ഹജറുൽ അസ്’വദ് മാത്രമാണോ ? അല്ലെന്നതാണ് വാസ്തവം. കഅ്ബ നിർമിക്കുന്ന വേളയിൽ ഇബ്റാഹീം (അ) കയറിനിൽക്കുകയും അദ്ദേഹത്തിന്റെ കാൽപാദങ്ങൾ പതിയുകയും ചെയ്തിട്ടുള്ള കല്ലായ മക്വാമു ഇബ്റാഹീമും അവിടെ പ്രാധാന്യപൂർവം സൂക്ഷിച്ചിട്ടുണ്ട്.
അല്ലാഹുവിനെ അനുസരിക്കൽ എന്ന നിലയിൽ ഹജറുൽ അസ്’വദിൽ ചുംബിക്കുന്നത് പോലെ തന്നെ മക്വാമു ഇബ്റാഹീമിനു പിന്നിലായി നമസ്കരിക്കുന്നതും പ്രവാചക ചര്യയാണ്. എന്നാൽ അത് വിഗ്രഹമാണെന്നോ അവിടെ വെച്ചുള്ള നമസ്കാരം വിഗ്രഹാരാധനയാണെന്നോ ആരും പറയില്ലല്ലോ.
ചുംബിക്കുന്നതെല്ലാം ദൈവാരാധനയാണോ?
കഅ്ബയെ പ്രദക്ഷിണം ചെയ്യുന്ന വേളയിൽ ഹജറുൽ അസ് വദിനെ ചുംബിക്കുന്നത് അതിനോടുള്ള ആരാധനയുടെ ഭാഗമാണ് എന്നാണ് ആക്ഷേപം.
ആരെ ചുംബിക്കുന്നു, എന്ത് മനോഭാവത്തോടെ ചുംബിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ ചുംബനത്തിന് പല മാനങ്ങളും വരും. വാത്സല്യവും പ്രേമവും ആദരവും ആരാധനയുമെല്ലാം ചുംബനത്തിലൂടെ പ്രകടിപ്പിക്കാം.
ജൂദാസ് ചെയ്തതായി ബൈബിളിൽ പറഞ്ഞ പോലെ ഒറ്റുകൊടുക്കാൻ വേണ്ടി ചുംബിക്കുന്നവരുമുണ്ട്.
ഹജറുൽ അസ്’വദ് ചുംബിക്കുന്നവർ അതിലൂടെ ഉദ്ദേശിക്കുന്നത് പ്രവാചക ചര്യ പിന്തുടരൽ മാത്രമാണ്.
ഉമർ(റ) ഹജറുൽ അസ് വദിൽ ചുംബിച്ചുകൊണ്ട് പറഞ്ഞ ഈ വാക്കുകൾ പ്രസിദ്ധമാണ്.
ﺇﻧﻲ ﻷﻋﻠﻢ ﺃﻧﻚ ﺣﺠﺮ ﻻ ﺗﻀﺮ ﻭﻻ ﺗﻨﻔﻊ، ﻓﻠﻮﻻ ﺃﻧﻲ ﺭﺃﻳﺖ ﺭﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻳُﻘﺒﻠﻚ ﻣﺎ ﻗﺒﻠﺘُﻚ
“നീ കേവലമൊരു കല്ലുമാത്രമാണെന്നും, എന്തെങ്കിലും ഉപകാരമോ ഉപദ്രവമോ ചെയ്യുവാൻ നിനക്കൊരു ശേഷിയുമില്ലെന്നും എനിക്കറിയാം. അല്ലാഹുവിന്റെ ദൂതർ നിന്നെ ചുംബിക്കുന്നത് കണ്ടില്ലായിരുന്നുവെങ്കിൽ ഞാനും നിന്നെ ചുംബിക്കുമായിരുന്നില്ല”
സ്വഹീഹുൽ ബുഖാരി അധ്യായം 25, ഹദീസ് – 91 . ക്രമനമ്പർ – 1605
പ്രവാചകന്റെ കാലത്തോ പിൽക്കാലത്തോ ആരുംതന്നെ ഹജറുൽ അസ് വദിന് യാതൊരു ദിവ്യത്വവും കൽപിച്ചിരുന്നില്ല എന്നതിന് തെളിവാണിത്.
ഹജറുൽ അസ്’വദിന് ഏതെങ്കിലും തരത്തിൽ ദൈവികത ഉള്ളതായി മക്കയിലെ വിഗ്രഹാരാധകർ പോലും മനസ്സിലാക്കുകയോ അതിനെ ആരാധിക്കുകയോ ചെയ്തിട്ടില്ല.
മുഹമ്മദ് നബി(സ)ക്ക് ശേഷം പിൽക്കാലത്ത് അടിസ്ഥാനങ്ങളിൽ നിന്നും പിഴച്ചുപോയ അവാന്തര വിഭാഗങ്ങളിൽ ആരെങ്കിലും ഒരു അനാചാരമായിട്ടെങ്കിലും ഹജറുൽ അസ്’വദിനെ ദൈവമായി കാണുകയോ അതിന് പൂജാവഴിപാടുകൾ അർപിക്കുകയോ ചെയ്തിട്ടില്ല.
കഅ്ബ പ്രദക്ഷിണം ചെയ്യുമ്പോൾ ഹജറുൽ അസ്’വദിൽ ചുംബിക്കാറുണ്ടെങ്കിലും അത് ഒരിക്കലും ഒരു നിർബന്ധ കർമമല്ല.
ഒരു കാലത്ത് ഹജറുൽ അസ്’വദ് ചില ദുഷ്ട ശക്തികൾ അവിടെ നിന്നും മോഷ്ടിച്ചു കൊണ്ടു പോയ സംഭവം പോലും ഉണ്ടായിട്ടുണ്ട്. ആ കാലയളവിലും ഹജ്ജും ഉംറയും ത്വവാഫുമെല്ലാം സ്വാഭാവികമായ രീതിയിൽ തന്നെ നടന്നിട്ടുണ്ടായിരുന്നു എന്നതും ചരിത്ര വസ്തുതയാണ്.
ചില ചുംബനങ്ങൾ
ക്രൈസ്തവ സമൂഹം തിരുശേഷിപ്പുകളായി കരുതുന്ന നിരവധി വസ്തുക്കൾ പല സ്ഥലങ്ങളിലായി സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. യേശുവിന്റെ കല്ലറ മുതൽ യേശുവിന്റെ ചേലാകർമം ചെയ്ത ചർമം വരെ
സഭയും മാർപ്പാപ്പയും വിശുദ്ധരായി പ്രഖ്യാപിച്ചവരുടെ തിരുശേഷിപ്പുകൾ വേറെയും. ഇവയെല്ലാം ക്രൈസ്തവർ ആദരപൂർവം ചുംബിക്കുക മാത്രമല്ല, അവയെ വണങ്ങുക പോലും ചെയ്യുന്നുണ്ട്.
അതൊന്നും തന്നെ ആരാധനയാണെന്ന് പറയാത്ത ക്രൈസ്തവ മിഷണറിമാരാണ് ഹജറുൽ അസ്’വദ് എന്ന കല്ലിനെ വിഗ്രഹമാക്കാൻ പരിശ്രമിക്കുന്നത് എന്ന് കൂടി നാം മനസ്സിലാക്കുക.
ഹജറുൽ അസ്’വദിന്റെ മറ്റ് പ്രത്യേകതകൾ
ഹജറുൽ അസ് വദിന്റെ ചില പ്രത്യേകതകൾ വിവരിക്കുന്ന ഏതാനും ഹദീസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഹജറുൽ അസ് വദിന്റെ നിറം തൂവെളളയായിരുന്നുവെന്നും മനുഷ്യരുടെ പാപങ്ങൾ കാരണമായി അത് കറുത്തുപോയെന്നും വിശദീകരിക്കുന്ന ഹദീസുകൾ സ്വീകാര്യമായ പരമ്പരകളിലൂടെ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.
ﻧَﺰَﻝَ ﺍﻟْﺤَﺠَﺮُ ﺍﻷَﺳْﻮَﺩُ ﻣِﻦَ ﺍﻟْﺠَﻨَّﺔِ ﻭَﻫُﻮَ ﺃَﺷَﺪُّ ﺑَﻴَﺎﺿًﺎ ﻣِﻦَ ﺍﻟﻠَّﺒَﻦِ ﻓَﺴَﻮَّﺩَﺗْﻪُ ﺧَﻄَﺎﻳَﺎ ﺑَﻨِﻲ ﺁﺩَﻡَ
തിർമിദി- അധ്യായം 9 ഹദീസ് 70. ക്രമനമ്പർ – 877
ഇവിടെ പാപങ്ങൾ മൂലം കല്ല് കറുത്തുപോയി എന്ന പദത്തെ ദുർവ്യാഖ്യാനിച്ച് യേശു പാപം ഏറ്റെടുക്കും എന്ന് പറയുന്നതു പോലെ കല്ല് പാപം ഏറ്റെടുക്കും എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് മിഷണറിമാർ സ്ഥാപിക്കാൻ ശ്രമിക്കുന്നു.
വാസ്തവത്തിൽ കല്ല് പാപം ഏറ്റെടുക്കുമെന്നും അതോടുകൂടി മനുഷ്യന്റെ പാപങ്ങൾ മോചിക്കപ്പെടുമെന്നും ഇവിടെ പരാമർശമുണ്ടോ?. ഇല്ല എന്നതാണ് സത്യം. മനുഷ്യന്റെ പാപത്തിന്റെ പ്രതിഫലനം ആ കല്ലിൽ ഉണ്ടാക്കി എന്നല്ലാതെ മനുഷ്യപാപങ്ങൾ അത് ഏറ്റെടുത്തു എന്ന് ഇവിടെ പറയുന്നില്ല. പിന്നെ എങ്ങനെയാണ് ഹജറുൽ അസ്’വദ് മനുഷ്യരുടെ പാപമോചനം സാധ്യമാക്കുന്ന കല്ലാണെന്ന് മിഷണറിമാർ ആരോപിക്കുന്നത് ?
സമാനമായ മറ്റൊരു ഹദീസ് ഇതിന്റെ ആശയം വ്യക്തമാക്കിത്തരും
ﺇِﻥَّ ﺍﻟْﻌَﺒْﺪَ ﺇِﺫَﺍ ﺃَﺧْﻄَﺄَ ﺧَﻄِﻴﺌَﺔً ﻧُﻜِﺘَﺖْ ﻓِﻲ ﻗَﻠْﺒِﻪِ ﻧُﻜْﺘَﺔٌ ﺳَﻮْﺩَﺍﺀُ ﻓَﺈِﺫَﺍ ﻫُﻮَ ﻧَﺰَﻉَ ﻭَﺍﺳْﺘَﻐْﻔَﺮَ ﻭَﺗَﺎﺏَ ﺳُﻘِﻞَ ﻗَﻠْﺒُﻪُ ﻭَﺇِﻥْ ﻋَﺎﺩَ ﺯِﻳﺪَ ﻓِﻴﻬَﺎ ﺣَﺘَّﻰ ﺗَﻌْﻠُﻮَ ﻗَﻠْﺒَﻪُ ﻭَﻫُﻮَ ﺍﻟﺮَّﺍﻥُ ﺍﻟَّﺬِﻱ ﺫَﻛَﺮَ ﺍﻟﻠَّﻪُ
: ( ﻛﻼَّ ﺑَﻞْ ﺭَﺍﻥَ ﻋَﻠَﻰ ﻗُﻠُﻮﺑِﻬِﻢْ ﻣَﺎ ﻛَﺎﻧُﻮﺍ ﻳَﻜْﺴِﺒُﻮﻥَ )
മനുഷ്യൻ പാപം ചെയ്യുമ്പോൾ അവന്റെ ഹൃദയത്തിൽ ഒരു കറുത്ത പുള്ളി വീഴുന്നു. അവൻ അതിൽ നിന്ന് പിന്തിരിയുകയും പാപമോചനം തേടുകയും പശ്ചാത്തപിക്കുകയും ചെയ്താൽ അവന്റെ ഹൃദയം വീണ്ടും ശുദ്ധീകരിക്കപ്പെടുന്നു. അവൻ പാപത്തിലേക്ക് തന്നെ മടങ്ങുകയാണെങ്കിൽ ആ പുള്ളികൾ അധികരിക്കുകയും ഹൃദയത്തെ ഒന്നാകെ മൂടുകയും ചെയ്യും. അല്ലാഹു പറഞ്ഞ കറ അതാണ്. “അവരുടെ പ്രവർത്തനങ്ങൾ കാരണമായി അവരുടെ ഹൃദയങ്ങൾ കറ പിടിച്ചിരിക്കുന്നു”
തിർമിദി – ഹദീസ് നമ്പർ – 3654
പാപം കാരണമായി ഹൃദയം കറുത്തുപോയി എന്നതിന് ഹൃദയം മനുഷ്യന്റെ പാപം ഏറ്റെടുത്തെന്ന് പറയുമോ ?
മറ്റുചില ഹദീസുകൾ
മറ്റുചില ഹദീസുകളിൽ ഹജറുൽ അസ് വദിന് അന്ത്യനാളിൽ കണ്ണും നാവും നൽകപ്പെടും എന്നു കാണാം.
എന്നാൽ ഹജറുൽ അസ് വദ് അല്ലാഹുവിന്റെ വലം കൈയ്യാണെന്നുള്ളത് കെട്ടിച്ചമക്കപ്പെട്ട ഹദീസാകുന്നു.
അന്ത്യനാളിൽ ഭൂമിയും നമ്മുടെ അവയവങ്ങളും മറ്റു പല വസ്തുക്കളും അല്ലാഹുവിന്റെയടുക്കൽ സാക്ഷ്യം പറയും എന്ന് വിശദീകരിക്കുന്ന ക്വുർആൻ വചനങ്ങളും ഹദീസുകളും നിരവധിയുണ്ടല്ലോ.
ഉപസംഹാരം
ഇവർ ആരോപിക്കുന്നതുപോലെ ഹജറുൽ അസ് വദ് ഒരു വിഗ്രഹമായിരുന്നുവെങ്കിൽ അത് ഏത് സാങ്കൽപികദൈവത്തിന്റെ വിഗ്രഹമാണ് ? ലാത്ത, ഉസ്സ, മനാത്ത തുടങ്ങി മക്കയിൽ മുൻപ് ആരാധിക്കപ്പെട്ടിരുന്ന വ്യാജദൈവങ്ങളുടെ കൂട്ടത്തിൽ ഒരു വിഗ്രഹമായിരുന്നുവെങ്കിൽ ഹജറുൽ അസ് വദിനും ഏതെങ്കിലും പുണ്യവാന്റെ പേര് ചാർത്തപ്പെട്ടിരുന്നേനെ.
മുസ്ലിംകളിൽ ആരും ഹജറുൽ അസ് വദിന്റെ രൂപങ്ങളുണ്ടാക്കി അവരുടെ പള്ളികളിലോ വീടുകളിലോ അത് സ്ഥാപിച്ച് അതിനെ വണങ്ങുകയോ പൂജിക്കുകയോ അതിനോട് പ്രാർത്ഥിക്കുകയോ അതിൽ നിന്ന് പുണ്യം പ്രതീക്ഷിക്കുകയോ ചെയ്യുന്നില്ല. അതിന്റെ മുമ്പിൽ മെഴുകുതിരിയോ ചന്ദനത്തിരിയോ കത്തിച്ചുവരുന്നില്ല, പുഷ്പാഞ്ചലി അർപിക്കുന്നില്ല.
ആരും അതിന്റെ രൂപം മാലയിൽ കോർത്തിട്ട് നടക്കുന്നില്ല.
ഇവർ ആരോപിക്കുന്നതുപോലെ ഹജറുൽ അസ് വദ് ഒരു വിഗ്രഹമായിരുന്നുവെങ്കിൽ ഇപ്രകാരമായിരുന്നോ സംഭവിക്കുക?
കറുത്ത കല്ല് എന്ന അർത്ഥമുള്ള ഹജറുൽ അസ് വദ് എന്ന പേര് തന്നെ അത് യാതൊരു ദിവ്യത്വവുമില്ലാത്ത കേവലമൊരു കല്ല് മാത്രമാണെന്ന് തെളിയിക്കുന്നു._____________!!!!!!
No comments:
Post a Comment